Sorry, you need to enable JavaScript to visit this website.

കെജ്‌രിവാളിനെ തീവ്രവാദിയുടെ വീട്ടിലും കാണാമെന്ന് രാഹുല്‍; പഞ്ചാബില്‍ കടുപ്പിച്ച് കോണ്‍ഗ്രസ്

ചണ്ഡീഗഢ്- അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളിയായ ആം ആദ്മി പാര്‍ട്ടി(എഎപി)യെ കടന്നാക്രമിച്ച് പോര് കടുപ്പിക്കുന്നു. ബര്‍ണാലയില്‍ നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി എഎപിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തീവ്രവാദത്തോട് മൃദു സമീപനവും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണ് അവരെന്ന് രാഹുല്‍ ആരോപിച്ചു. എന്തു തന്നെ സംഭവിച്ചാലും ഒരു കോണ്‍ഗ്രസ് നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. എന്നാല്‍ ചൂലിന്റെ ഏറ്റവും വലിയ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ കണ്ടെത്താം, അതൊരു സത്യമാണ്- രാഹുല്‍ പറഞ്ഞു. 

2017ലെ തെരഞ്ഞെടുപ്പില്‍ മോഗയിലെ ഒരു മുന്‍ ഖലിസ്ഥാനി തീവ്രവാദിയുടെ വീട്ടില്‍ അരവിന്ദ് കെജ് രിവാള്‍ തങ്ങിയതിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ പരമാര്‍ശം. പഞ്ചാബ് ഭരിക്കാന്‍ ഒരു ചാന്‍സ് ചോദിച്ചു നടക്കുന്നവര്‍ പഞ്ചാബിനെ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിനെ നന്നായി അറിയുക കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിനു മാത്രമെ ഇവിടെ സമാധാനന്തരീക്ഷം സംരക്ഷിക്കാന്‍ കഴിയൂവെന്നും രാഹുല്‍ പറഞ്ഞു. 

പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നെന്നും രാഹുല്‍ ആരോപിച്ചു. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രിസന് 80 സീറ്റുകള്‍ വരെ ഉറപ്പാക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് രാഹുല്‍ ആഹ്വാനം ചെയ്തു.

Latest News