യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍; സുഹൃത്ത് അറസ്റ്റില്‍

മുഹമ്മദ് ഫിറോസിനെ തെളിവെടുപ്പിന് എത്തിക്കുന്നു.
കൊല്ലപ്പെട്ട ആഷിക്

ഒറ്റപ്പാലം- യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ലക്കിടി മംഗലം കേലത്ത് വീട്ടില്‍ ആഷികി(24)ന്റെ മൃതേദഹമാണ് പാലപ്പുറം അഴിക്കലപ്പറമ്പില്‍ ആളൊഴിഞ്ഞ പറമ്പിലെ തോടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൂട്ടുകാരന്‍ പാലപ്പുറം പാറക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

https://www.malayalamnewsdaily.com/sites/default/files/styles/thumbnail/public/2022/02/15/pkdmurderashik15feb22.jpg?itok=gyLGQ8LV

കൊല്ലപ്പെട്ട ആഷിക്

ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് മുഹമ്മദ് ഫിറോസ് പോലീസിനോട് പറഞ്ഞു. ഇരുവരും മോഷണക്കേസിലെ പ്രതികളാണ്. കേസ് കാരണം യുവാവ് നാടുവിട്ടതാണ് എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അതുകൊണ്ടു തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ മൃതേദഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. അഴുകിയ ശരീരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏഴു കൊല്ലം മുമ്പ് പട്ടാമ്പിയില്‍ നടന്ന ഒരു മോഷണത്തിലെ പ്രതികളായിരുന്നു മുഹമ്മദ് ഫിറോസും ആഷികും. തിങ്കളാഴ്ച ഓങ്ങല്ലൂരില്‍ വെച്ച് പട്ടാമ്പി പോലീസ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയെക്കുറിച്ച് അറിയാന്‍ വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കാര്യങ്ങള്‍ വിശദമായി പറയുകയായിരുന്നു.
ഡിസംബര്‍ 17ന് ഈസ്റ്റ് ഒറ്റപ്പാലത്ത് ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് മദ്യപിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ തെറ്റിയത്. തര്‍ക്കത്തിനിടയില്‍ മുഹമ്മദ് ഫിറോസ് സുഹൃത്തിനെ കത്തി കൊണ്ട് കഴുത്തില്‍ കുത്തി. ജീവന്‍ നഷ്ടപ്പെട്ടതോടെ മൃതേദഹം ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറ്റി അഴിക്കലപ്പറമ്പിലെത്തിക്കുകയായിരുന്നു. തനിച്ചാണ് കുഴി കുത്തി ശരീരം മറവു ചെയ്തത് എന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ പ്രതിയുമായി സ്ഥലത്തെത്തിയ പോലീസ് നടത്തിയ തെരച്ചിലില്‍ അഴുകിയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ശരീരത്തിലുണ്ടായിരുന്ന മോതിരവും ചരടും കണ്ടാണ് ആഷികിന്റെ ബന്ധുക്കള്‍ മൃതേദഹം തിരിച്ചറിഞ്ഞത്. ശരീരഭാഗങ്ങള്‍ ഡി.എന്‍.എ ടെസ്റ്റിന് അയക്കുമെന്ന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി വി.സുരേഷ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും ലഹരിമരുന്നുകളും ഉപയോഗിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് , ഡോഗ്‌സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Latest News