കൊച്ചി- നഗരത്തിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടി. യുവതിയടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു. 55 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി ഇടപ്പള്ളി മാമംഗലത്തെ ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. ആലുവ സ്വദേശി റെച്ചു റഹ്‌മാൻ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ് , കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈർ, കൊല്ലം സ്വദേശി തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശരത്തിനും ഷിബുവിനുമെതിരെ കൊലക്കേസ് നിലവിലുണ്ട്. മൂന്നു പേർ ഗൾഫിൽ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞിരുന്നവരുമാണ്
ഹോട്ടലിൽ റൂമെടുത്ത് വിൽപന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. വിൽപനക്കെത്തിയ സംഘവും വാങ്ങാനെത്തിയ സംഘവുമാണ് പിടിയിലായത്. വാങ്ങാനെത്തിയ രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ദിവസങ്ങളായി ഹോട്ടലിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒടുവിൽ എക്‌സൈസിനേക്കൂടി സഹകരിപ്പിച്ച് റെയിഡ് നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വിൽപ്പനക്കെത്തിയത്. കൊല്ലത്ത് നിന്ന് വാങ്ങാനും ആളുകളെത്തി. ഇതിൽ പെട്ടതാണ് യുവതി.
കഞ്ചാവും ബ്രൗൺഷുഗറുമടക്കമുള്ള മയക്കുമരുന്നുകൾ കടത്തിയിരുന്ന സംഘങ്ങൾ എം.ഡി.എം.എയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതായി കസ്റ്റംസ് പറയുന്നു. ശ്രീലങ്കയിൽ നിന്നും എത്തിക്കുന്ന എം.ഡി.എം.എ. ബംഗളൂരുവിൽ എത്തിച്ച് അവിടെ നിന്നുമാണ് പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരിക. ഓയോ സൈറ്റ് വഴി മുറി ബുക്ക് ചെയ്ത ശേഷം സ്ത്രീകളടക്കം എത്തി കുടുംബമെന്ന് പറഞ്ഞ് മുറിയിലെത്തും. പിന്നീട് ഇടപാടുകാർ ഹോട്ടലുകളിലെത്തി മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുകയാണ് പതിവ്.






