കാസര്‍കോട്- എണ്ണൂറോളം പേരില്‍നിന്ന് 150 കോടിയോളം രൂപ നിക്ഷേപം വാങ്ങി വഞ്ചിച്ച ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ മുഖ്യ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ജ്വല്ലറിയുടെ ഒരു ഡയറക്ടര്‍ കൂടി അറസ്റ്റിലായി. ജ്വല്ലറിയുടെ ചെയര്‍മാന്‍ മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എയുമായ എം. സി ഖമറുദ്ദീന്റേയും മാനേജിംഗ് ഡയറക്ടറുമായ ടി. കെ പൂക്കോയ തങ്ങളുടേയും വീടുള്‍പ്പെടെ ഏഴ് വീടുകളിലാണ് ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.
ഖമറുദ്ദിന്റെ എടച്ചാക്കൈയിലെ രണ്ട് വീട്ടിലും തങ്ങളുടെ ചന്തേരയിലുള്ള വീട്ടിലും ബന്ധുക്കളുടെ ഏഴ് വീടുകളിലുമാണ് റെയ്ഡ്. പയ്യന്നൂര്‍ ബ്രാഞ്ചിന്റെ മാനേജരും ഡയറക്ടറുമായ മാട്ടൂല്‍ സ്വദേശി ഹാരിസ് അബ്ദുള്‍ ഖാദര്‍ (48) ആണ് അറസ്റ്റിലായത്. ഇയാളെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ റെയ്ഡ് രണ്ട് മണി വരെ നീണ്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പിമാരായ എം. സുനില്‍കുമാര്‍, എം. വി അനില്‍കുമാര്‍, എ. വി പ്രദീപ്, രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. നിക്ഷേപകരില്‍ നിന്നും 150 കോടി രൂപ നിക്ഷേപമായി പിരിച്ചുവെന്നാണ് ഇവര്‍ക്ക് എതിരായ പരാതി . ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശോധന. 2020 നവംമ്പറില്‍ എം സി ഖമറുദ്ദീനെയും കഴിഞ്ഞ ആഗസ്തില്‍ പൂക്കോയ തങ്ങളേയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളുണ്ടായിരുന്ന ജ്വല്ലറി 2019 ഡിസംബറിലാണ് അടച്ച് പൂട്ടിയത്. അറ്റകുറ്റ പ്രവര്‍ത്തിക്കായി പൂട്ടിയതായി നോട്ടീസും പതിച്ചു. ഗള്‍ഫില്‍ ആയിരുന്ന ചെയര്‍മാന്‍ മൂന്ന് മാസത്തിന് ശേഷം നിയമസഭ സമ്മേളനത്തിന് പങ്കെടുക്കാന്‍ കരിപ്പൂര്‍ വിമാനതാവളം വഴി വരുന്നണ്ടന്നറിഞ്ഞ നിക്ഷേപകര്‍ ഇയാളെ കണ്ടെത്തി പണം ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ മുസ്ലിം ലീഗ് നേതൃത്വം ഇടപ്പെട്ട് മധ്യസ്തനായി കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തി. ആസ്തികള്‍ വിറ്റ് ബാധ്യത തീര്‍ക്കുമെന്ന ഉറപ്പ് നല്‍കി. 2020 ജൂണില്‍ ചന്തേര സ്റ്റേഷനില്‍ ജ്വല്ലറി തട്ടിപ്പിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പയ്യന്നൂരും കാസര്‍ക്കോടുമായി 153 പരാതികളില്‍ കേസടുത്തു. കഴിഞ്ഞ നവംമ്പറില്‍ അറസ്റ്റിലായ ഖമറുദ്ദീന്‍ 97 ദിവസം ജയിലില്‍ കിടന്നതിന് ശേഷമാണ് പുറത്തിറങ്ങിയത്. ജ്വല്ലറി മാനേജര്‍ ടി കെ സൈനുല്‍ ആബിദും രണ്ട് മാസം റിമാന്‍ഡിലായിരുന്നു. കേസിലെ നാലാം പ്രതി തങ്ങളുടെ മകനും കാസര്‍ക്കോട് ഷോറൂം മാനേജരുമായ ടി.കെ ഹിഷാം വിദേശത്തേക്ക് കടന്നതിനാല്‍ പിടികൂടാനായില്ല.