Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ റണ്‍വെ നീളം കുറക്കില്ല, ഔദ്യോഗിക ഉത്തരവെത്തി, ഇനി വലിയ വിമാനങ്ങള്‍ ആരംഭിക്കണം

കൊണ്ടോട്ടി- കരിപ്പുര്‍ വിമാനത്താവളത്തിന്റെ റണ്‍വെ നീളം കുറച്ച് റെസ(റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ) നിര്‍മ്മാണ പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി ഓദ്യോഗിക ഉത്തരവിറക്കി.  റണ്‍വെ നീളം കുറക്കുന്ന നടപടി റദ്ദാക്കുമെന്ന് കേന്ദ്ര മന്ത്രി നേരത്തെ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.ഇതിന്റെ ഔദ്യോഗിക ഉത്തരവാണ് കരിപ്പൂരിലെത്തിയത്.
കരിപ്പൂര്‍ റണ്‍വെ നീളം കുറക്കുന്ന നടപടിയില്‍ പ്രവാസികളും,സംസ്ഥാനത്തെ എം.പിമാരും,വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.റണ്‍വെ നീളം കുറക്കാതെ റിസ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.
 കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിര്‍ദേശപ്രകാരമാണ് കരിപ്പൂര്‍ റണ്‍വേ നീളം കുറച്ച് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.വിമാനങ്ങള്‍ റണ്‍വെയില്‍ നിന്ന് തെന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്ഥലമാണ് റണ്‍വേയുടെ അറ്റങ്ങളില്‍ സ്ഥാപിക്കുന്ന ചതുപ്പ് നിലമായ റെസ. നിലവില്‍ 90 മീറ്ററാണ് കരിപ്പൂരിലെ റെസയുടെ നീളം.ഇതില്‍ 240 മീറ്ററായി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം.നിലവില്‍ റെസ വര്‍ധിപ്പിക്കണമെങ്കില്‍ റണ്‍വെ നീളം കുറക്കണം. ഇതിന്റെ ആദ്യഘട്ട നടപടികളിലേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി കടന്നിരുന്നു.2023 ജൂണ്‍ 30 നകം മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.
 കരിപ്പൂരിലെ 2860 മീറ്റര്‍ നീളമുള്ള റണ്‍വെ റെസ സ്ഥാപിക്കാനായി കുറക്കുന്നതോടെ 2560 മീറ്ററായി ചുരുങ്ങും.ഇത് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ തിരിച്ചുവരവിന് പ്രതിസന്ധി സൃഷ്ടിക്കും.ഇതിനെതിരെയാണ് വിമാനത്താവള ഉപദേശക സമിതി,എം.പിമാര്‍,എം.എല്‍.എമാര്‍,വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ രംഗത്തെത്തിയത്.പ്രതിഷേധം ലോകസ്ഭയിലുമെത്തിയതോടെയാണ് വ്യോമയാന മന്ത്രാലയം പദ്ധതിയില്‍ നിന്ന് പിന്മാറിയത്.150 മുതല്‍ 200 കോടി വരെ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പ്രതീക്ഷിക്കുന്നത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വെ നീളം കുറക്കുന്ന നടപടി പിന്‍വലിച്ച അധികൃതര്‍ വലിയ വിമാന സര്‍വ്വീസ് പുനരാരംഭിക്കാാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എം.പി. അബ്ദുസമദ് സമദാനി എം.പി വ്യോമയാനമന്ത്രിക്ക് ഇമെയില്‍ സന്ദേശമയച്ചു. റണ്‍വെ നീളം കുറച്ച് റെസ പ്രവര്‍ത്തി തുടങ്ങാന്‍ നല്‍കിയ ഉത്തരവ് റദ്ദാക്കിയ നടപടി ഉപദേശക സമിതി സ്വഗതം ചെയ്തു.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ഇത് സംബന്ധിച്ച ചര്‍ച്ചക്ക് മുന്‍കൈ എടുത്ത വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഉപദേശക സമിതി നന്ദി അറിയിച്ചു.
 വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍ എം.പി. അബ്ദുസ്സമദ് സമദാനി, കോ ചെയര്‍മാന്‍ എം.കെ. രാഘവന്‍,ഇ.ടി. മുഹമ്മദ് ബഷീര്‍,പി.വി. അബ്ദുല്‍ വഹാബ്, രാജ് മോഹന്‍ ഉണ്ണിത്താന്‍,വി.കെ. ശ്രീകണ്ഠന്‍ എന്നിവരും വ്യോമയാന മന്ത്രിയെ നന്ദി അറിയിച്ചു.

 

Latest News