പാലക്കാട്- ദേശീയ പാതയിലൂടെ ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. ബഹുഭൂരിപക്ഷം ഡ്രൈവർമാരും നിരോധിത പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് രാത്രി സമയത്ത് ബസോടിക്കുന്നത് എന്ന് കണ്ടെത്തി. പാലക്കാട്-തൃശൂർ ദേശീയ പാതയിൽ ആലത്തൂർ ഭാഗത്താണ് തിങ്കളാഴ്ച അർധരാത്രിയോടെ ആർ.ടി.ഒയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നത്.
ഒരു മണിക്കൂറിനുള്ളിൽ അതുവഴി കടന്നു വന്ന 12 ബസുകളിൽ ഒമ്പതിലേയും ഡ്രൈവർമാർ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കൈയോടെ പിടികൂടി. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട ഹാൻസ് പോലുള്ള ലഹരി വസ്തുക്കളുടെ പാക്കറ്റുകളാണ് ഡ്രൈവർമാരിൽ നിന്ന് പിടിച്ചെടുത്തത്. രാത്രി ഉറക്കം തൂങ്ങാതിരിക്കാനാണ് അവ ഉപയോഗിക്കുന്നത് എന്ന് ഡ്രൈവർമാർ മൊഴി നൽകി. തുടർ നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ദേശീയ പാതയിൽ കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിൽ കലാശിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബസുകളിലെ പരിശോധന. ലോറിയുടേയും ബസിന്റേയും ഇടയിൽ കുടുങ്ങിയാണ് ബൈക്ക് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിറകെ വന്ന ഒരു വാഹനത്തിലെ യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കെ.എസ്.ആർ.ടി.സി ബസിനെ പ്രതിക്കൂട്ടിലാക്കി. മറികടക്കുന്നതിനിടയിൽ ബസ് വെട്ടിച്ചതിനാലാണ് ബൈക്ക് ഇരു വാഹനങ്ങൾക്കുമിടയിൽ കുടുങ്ങിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സി.എസ് ഔസേപ്പിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മനുഷ്യാവകാശ കമ്മീഷനും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
രാത്രി സമയത്ത് തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർ ഉറങ്ങാതിരിക്കാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് എന്നും അത് അപകടങ്ങൾ പെരുകാൻ ഇടയാക്കുന്നുണ്ട് എന്നും വ്യാപകമായ വിമർശനമുയർന്നിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് രാത്രി സമയത്ത് ആലത്തൂർ ഭാഗത്ത് പരിശോധന നടന്നത്. ആദ്യ ഒരു മണിക്കൂറിനിടയിൽ വന്ന 12 ബസുകളിലെ ഒമ്പതെണ്ണത്തിലാണ് ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയത്. റെയ്ഡിന്റെ വിവരം ചോർന്നതിനാലാവണം പിന്നീട് വന്ന ബസുകളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. ചില ബസുകളിൽ പത്ത് പാക്കറ്റ് ഹാൻസ് വരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചിലർ അടിവസ്ത്രങ്ങൾക്കിടയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതമാവുന്നതിനാലാണ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് എന്നായിരുന്നു പലരുടേയും വിശദീകരണം.






