Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖുർആൻ യു.എ.ഇക്ക് തിരിച്ചുനൽകും, ആരോപണം മനോവിഷമമുണ്ടാക്കി-കെ.ടി ജലീൽ

തിരുവനന്തപുരം- യു.എ.ഇ കോൺസുലേറ്റ് വഴി ലഭിച്ച ഖുർആൻ തിരിച്ചുനൽകുമെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എം.എൽ.എ. ഖുർആൻ വഴി സ്വർണ്ണക്കടത്ത് നടത്തിയെന്ന ആരോപണം മനോവിഷമം ഉണ്ടാക്കിയെന്നും ഖുർആൻ തിരിച്ചുകൊടുക്കുകയാണെന്നും ജലീൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോൺസൽ ജനറലിന് കത്ത് നൽകി. 

ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് യു.ഡി.എഫും ബി.ജെ.പിയും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. ആക്ഷേപങ്ങളുടെ നിജസ്ഥിതി ചികയാതെ പത്ര-ദൃശ്യ മാധ്യമങ്ങൾ അതേറ്റെടുത്തു. പിന്നെ വെടിക്കെട്ടിന്റെ പൊടിപൂരമാണ് നടന്നതെന്നും ജലീൽ പറഞ്ഞു. അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒന്നുമറിയാത്ത അദ്ദേഹം ഞാൻ ചെയ്തു എന്ന് ആക്ഷേപിക്കപ്പെട്ട 'വൻ പാപത്തെ' തുടർന്ന് ഒരുപാട് ക്രൂശിക്കപ്പെട്ടു.

മതാചാര പ്രകാരമുള്ള ദാനധർമ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് യു.എ.ഇ കോൺസുലേറ്റ്, ഒന്നാം പിണറായി സർക്കാറിലെ വഖഫ് ഹജ്ജ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രി എന്ന നിലയിൽ എന്നെയാണ് വിളിച്ച് ചോദിച്ചിരുന്നത്. ലക്ഷോപലക്ഷം മലയാളികൾ ജോലി ചെയ്യുന്ന ഒരു രാജ്യത്തിന്റെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെ അഭ്യർത്ഥന മാനിച്ച് അവരുടെ വിശ്വാസപരമായ ആചാരനുഷ്ഠാന കർമ്മങ്ങൾക്ക് സഹായം ചെയ്തു എന്നതിന്റെ പേരിലാണ് എനിക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും കേന്ദ്ര ഭരണ പക്ഷവും ദുരാരോപണങ്ങളുടെ വെടിയുണ്ടകൾ ഉതിർത്തത്.

ഒരു കഴഞ്ച് പോലും സത്യമില്ലാത്തതിനാൽ തന്നെ റംസാൻ കിറ്റും ഖുർആൻ കോപ്പികൾ മതസ്ഥാപനങ്ങളിൽ എത്തിക്കാൻ സഹായിച്ച വിഷയവും അധികം വൈകാതെ എങ്ങോ പൊയ്മറഞ്ഞു.

പേരുകേട്ട മൂന്ന് അന്വേഷണ ഏജൻസികളാണ്  എനിക്കുമേൽ അന്വേഷണപ്പെരുമഴ തീർത്തത്. പലരും എന്റെ കഴുത്തിൽ കുരുക്കുകൾ ഒരുപാട് മുറുക്കി. ഭൂതക്കണ്ണാടി വെച്ച് ഭൂമി ലോകത്തുള്ള എന്റെയും കുടുംബത്തിന്റെയും സ്വത്തു വഹകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു. സ്വർണ്ണം പോയിട്ട് ഒരു പിച്ചളപ്പിന്ന് പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ലോകാവസാനം വരെ അന്വേഷിച്ചാലും മറിച്ചൊന്ന് സംഭവിക്കില്ല.

ഇനി യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ള ഏക കച്ചിത്തുരുമ്പ് പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച വിശുദ്ധ ഖുർആന്റെ ആയിരത്തോളം കോപ്പികളാണ്. അത് ഞാൻ വിതരണം ചെയ്താൽ ഏറ്റുവാങ്ങിയവർ വിവിധ ഏജൻസികളാൽ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാദ്ധ്യത വർത്തമാന സാഹചര്യത്തിൽ തള്ളിക്കളയാനാവില്ല. ആർക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാൻ എനിക്കൊട്ടും താൽപര്യമില്ല.

ഖുർആൻ കോപ്പികൾ കൊണ്ടുവന്ന വാഹനം ബാഗ്ലൂരിൽ പോയെന്നും അതിന്റെ ജി.പി.എസ് കേട് വന്നെന്നുമൊക്കെയുള്ള ആ സമയത്തെ മാധ്യമ വാർത്തകൾ ആരും മറന്നു കാണില്ല. കേടുവന്ന ജി.പി.എസ്  എൻ.ഐ.എ പരിശോധനക്കായി കൊണ്ടുപോയെന്ന വാർത്തയും ഏറെ കോളിളക്കമുണ്ടാക്കി. എന്നാൽ ഈ കെട്ടുകഥകൾക്ക് അവസാനം എന്ത് സംഭവിച്ചു എന്നത് മാത്രം ഒരാളും ഈ നിമിഷം വരെ ജനങ്ങളോട് പറഞ്ഞിട്ടില്ല. വളാഞ്ചേരിയിലെ എന്റെ വീട്ടുപടിക്കലേക്ക് മാർച്ച് നടത്താൻ നേതൃത്വം നൽകിയവരും തികഞ്ഞ മൗനത്തിലാണ്.

എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ കോൺസുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണർക്ക് രണ്ട് മെയ്‌ലുകൾ അയച്ചിരുന്നു. അതിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. അത്തരം ഒരു സാഹചര്യത്തിലാണ് യു.എ.ഇ  കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ അവർക്ക് തന്നെ തിരിച്ച് നൽകാൻ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്. ഖുർആന്റെ മറവിൽ ഞാൻ സ്വർണ്ണം കടത്തി എന്ന് നിയമസഭയിൽ പ്രസംഗിച്ച ലീഗ് നേതാവ് കെ.എം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെയെന്നും ജലീൽ പറഞ്ഞു.

കോൺസൽ ജനറലിന് നൽകിയ കത്തിന്റെ പകർപ്പും ജലീൽ പങ്കുവെച്ചു. 

കത്തിലെ വരികൾ:

പ്രിയപ്പെട്ട കോൺസൽ ജനറൽ,

രണ്ട് വർഷം മുമ്പ് റംസാൻ ചാരിറ്റിയോട് അനുബന്ധിച്ച് ആയിരം പേർക്ക് ഭക്ഷ്യക്കിറ്റുകൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ അന്നത്തെ കോൺസൽ ജനറൽ, ഹജ്ജ് - വഖഫ് മന്ത്രി എന്ന നിലയിൽ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം ആവശ്യമുള്ളവർക്ക് നൽകാൻ ആയിരം ഖുർആൻ കോപ്പികളും എത്തിച്ച് തന്നു.

ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കാൻ സർക്കാർ സ്ഥാപനമായ കൺസ്യൂമർഫെഡിനെയാണ് കോൺസുലേറ്റ് ഏൽപ്പിച്ചത്. കൺസ്യൂമർഫെഡിന്റെ തന്നെ മുൻകയ്യിൽ നിർദ്ദേശിക്കപ്പെട്ടിടങ്ങളിൽ പാവപ്പെട്ടവർക്ക് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ അധികം വൈകാതെയാണ് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് വിവാദം ഉയർന്നു വന്നത്.

അതേ തുടർന്ന് കസ്റ്റംസ് ഉൾപ്പടെ മൂന്ന് അന്വേഷണ ഏജൻസികൾ എന്നെ വിളിപ്പിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ഖുർആന്റെ മറവിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്തി എന്നാണ് പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയും പറഞ്ഞ് പ്രചരിപ്പിച്ചത്. ഒരു തരി സ്വർണ്ണം പോലും വീട്ടിലോ ബാങ്ക് ലോക്കറുകളിലോ ഇല്ലാത്ത ഒരു സാധാരണ പൊതു പ്രവർത്തകനായ എനിക്ക്, വലിയ മാനഹാനിയാണ് കോൺസുലേറ്റുമായി ചേർന്ന് സ്വർണ്ണക്കടത്തിന് കൂട്ടുനിന്നു എന്ന ദുഷ്പ്രചരണം ഉണ്ടാക്കിയത്.

വിശുദ്ധ ഖുർആനോട് അങ്ങേയറ്റത്തെ ബഹുമാനമാണ് എനിക്കുള്ളത്. മറ്റു വേദഗ്രന്ഥങ്ങളെയും അതിരറ്റ് ഞാൻ ആദരിക്കുന്നു. ദൗർഭാഗ്യവശാൽ നിയമ വിരുദ്ധമാണെന്ന് ചില പത്രങ്ങളും നേതാക്കളും ആരോപിച്ച ഖുർആൻ കോപ്പികളുടെ വിതരണം മസ്ജിദുകളിലോ മതസ്ഥാപനങ്ങളിലോ നടത്താൻ എനിക്കാവില്ല. ആയതിനാൽ കോൺസുലേറ്റ് ഏൽപ്പിച്ച ഖുർആൻ കോപ്പികൾ ദയവുണ്ടായി തിരിച്ചെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒരു വിശ്വാസി എന്ന നിലയിൽ വളരെയേറെ ഹൃദയ വേദനയോടെയാണ് റംസാൻ സമ്മാനമായി ആവശ്യക്കാർക്ക് നൽകാൻ ഏൽപ്പിച്ച വിശുദ്ധ ഖുർആന്റെ കോപ്പികൾ തിരികെ ഏൽപ്പിക്കുന്നത്. അതിലെ അനാദരവ് നൂറു ശതമാനം ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, എന്റെ മുന്നിൽ ഇതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല.

നൂറ്റാണ്ടുകൾ പഴക്കമുള്ള യു.എ.ഇ കേരള ബന്ധത്തിന്റെ ഊഷ്മളതക്ക് ഖുർആൻ കോപ്പികൾ തിരിച്ചു നൽകുക എന്ന 'മര്യാദകേട്' പോറലേൽപ്പിക്കില്ല എന്ന വിശ്വാസത്തോടെ,

സ്‌നേഹപൂർവ്വം

ഡോ:കെ.ടി.ജലീൽ (എംഎൽഎ)

Latest News