പൊതുമാപ്പ് നാളെ അവസാനിക്കും; സൗദിയില്‍ 4000 ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കി

റിയാദ് - ബിനാമി ബിസിനസ് നടത്തുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. പൊതുമാപ്പ് ദീര്‍ഘിപ്പിക്കില്ലെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 2021 ഫെബ്രുവരി 25 ന് ആണ് പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതോടനുബന്ധിച്ച് നിയമ ലംഘകര്‍ക്ക് പദവി ശരിയാക്കാന്‍ 180 ദിവസത്തെ സാവകാശവും അനുവദിച്ചു. ഓഗസ്റ്റ് 23 വരെയാണ് ആദ്യം സാവകാശം അവസാനിച്ചിരുന്നത്. ഇത് പിന്നീട് ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 16 വരെയാണ് സാവകാശം ദീര്‍ഘിപ്പിച്ചത്.
ബിനാമി ബിസിനസുകള്‍ നടത്തുന്നവരെ പദവി ശരിയാക്കാന്‍ പ്രോത്സാഹിപ്പിച്ച് ശക്തമായ പ്രചാരണങ്ങളാണ് വാണിജ്യ മന്ത്രാലയം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയിരുന്നത്. പദവികള്‍ ശരിയാക്കാന്‍ പ്രോത്സാഹിപ്പിച്ച് നിയമ ലംഘകര്‍ക്ക് നിരവധി ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇളവുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി പദവികള്‍ ശരിയാക്കിയ പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വാണിജ്യ മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി സൗദിയില്‍ നാലായിരത്തിലേറെ ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കിയതായി മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ബിനാമി വിരുദ്ധ കമ്മിറ്റി പ്രസിഡന്റ് നായിഫ് അല്‍സായിദി പറഞ്ഞു. മൂവായിരത്തോളം സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ ശ്രമിച്ച് നല്‍കിയ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ചുവരികയാണ്. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി എളുപ്പത്തില്‍ പദവി ശരിയാക്കല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനു പുറമെ സൗദിയിലെ 12 ചേംബര്‍ ഓഫ് കൊമേഴ്‌സുകളില്‍ പദവി ശരിയാക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പദവി ശരിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കേന്ദ്രങ്ങളെ സമീപിച്ച് എളുപ്പത്തില്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ ഇപ്പോള്‍ അനുവദിച്ച സാവകാശം പര്യാപ്തമാണെന്നും നായിഫ് അല്‍സായിദി പറഞ്ഞു.
പുതിയ നിയമം അനുസരിച്ച് ബിനാമി ബിസിനസുകള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. പഴയ നിയമത്തില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും പത്തു ലക്ഷം റിയാല്‍ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് ബിസിനസ് മേഖലയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

 

Latest News