കോഴിക്കോട്- കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമക്കെതിരായ പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരി. പ്രതി അഞ്ജലി റീമ ദേവിന്റേത് ആരോപണങ്ങള്‍ മാത്രമാണെന്നും തന്നെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയാണെന്നും അവര്‍ പറയുന്നു.
നമ്പര്‍ 18 ഹോട്ടലില്‍ തന്നെയും പെണ്‍കുട്ടികളെയും കൊണ്ടുപോയത് അഞ്ജലി തന്നെയാണ്. അഞ്ജലിയുടെ അമ്മാവന്‍ ജ്യോതിപ്രകാശ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലഹരികടത്തുകാരിയാക്കുമെന്നായിരുന്നു ഭീഷണി. തന്റെ പരാതി തെളിവുസഹിതമാണ് പോലീസിന് നല്‍കിയിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരി പ്രായപൂര്‍ത്തിയവാത്ത മകളുമായി സ്വമേധയാ ഡി.ജെ.പാര്‍ട്ടിക്ക് വന്നതാണെന്ന് അഞ്ജലി റീമാ ദേവ് നേരത്തെ ആരോപിച്ചിരുന്നു. ഡി.ജെ.പാര്‍ട്ടിക്കിടെ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും അഞ്ജലി അവകാശപ്പെടുന്നു. ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ തനിക്ക് അറിയില്ലെന്നും പാര്‍ട്ടി കഴിഞ്ഞു സന്തോഷത്തോടെയാണ് പരാതിക്കാരി മടങ്ങിയതെന്നും അഞ്ജലി പറഞ്ഞു.
ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ആരും മോശമായി പെരുമാറിയിട്ടില്ല- അഞ്ജലി പറഞ്ഞു.






