സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചു; കെ.സി.ആറിനെ ഇന്ത്യ-പാക് ഏജന്റാക്കി ബി.ജെ.പി

ഹൈദരാാബാദ്-പാക്കധീന കശ്മീരില്‍ 2019 സെപ്റ്റംബറില്‍  ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെ അധിക്ഷേപിച്ച് ബി.ജെ.പി. കെ.സി.ആറിനെ രാജ്യദ്രോഹിയെന്നും ഒറ്റകാരനെന്നും വിളിച്ചാണ് ബി.ജെ.പിയുടെ ആക്രമണം.
ഇന്ത്യന്‍ സൈന്യത്തിനെതിരെ ഒറ്റുകാരനെ പോലെയാണ് മുഖ്യമ്ന്ത്രി കെ.സി.ആര്‍ സംസാരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍് ബണ്ടി സഞ്ജയ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചൈനയുടേയും പാക്കിസ്ഥാന്റേയും ഏജന്റായ ഒരാള്‍ തെലങ്കാനയുടെ മണ്ണില്‍ കഴിയാന്‍ അര്‍ഹതയില്ല. തെലങ്കാന ജനത നിങ്ങളെ പുറത്താക്കുക തന്നെ ചെയ്യും- ബി.ജെ.പി നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ ഇളക്കിയിരിക്കയാണെന്നും അവരുടെ രക്തം തിളക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേനക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യമുഴുവന്‍ ലജ്ജിക്കുകയാണ്. കോണ്‍ഗ്രസ് തയാറാക്കിയ സ്‌ക്രിപ്റ്റ് വായിക്കുക മാത്രമാണ് മുഖ്യമന്ത്രി കെ.സി.ആര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് കെസിആര്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവ് എവിടെ? ജനങ്ങള്‍ക്ക് അതറിയാന്‍ ആഗ്രഹമുണ്ട്. വ്യാജപ്രചരണങ്ങളാണ് എക്കാലവും ബി.ജെ.പി നടത്തിയിരുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് തെളിവ് ചോദിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യമാണ് രാജ്യത്തെങ്കിലും ഏകാധിപതികളെപ്പോലെയാണ് ബി.ജെ.പി നേതാക്കളുടെ ഭരണമെന്നും കെ.സി.ആര്‍ വിമര്‍ശിച്ചിരുന്നു.

ഉറിയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് 2016 സെപ്റ്റംബറിലായിരുന്നു പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി അധിക്ഷേപിച്ചിരുന്നു. നിങ്ങളുടെ പിതാവാ ആരാണെന്നതിന് ഞങ്ങള്‍ തെളിവ് ചോദിക്കുന്നില്ലെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

 

Latest News