അമ്മയെ ആരാണ് നോക്കുക?  തര്‍ക്കം മൂര്‍ഛിച്ച്  85 വയസ്സുള്ള  അമ്മ ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകള്‍

ചിറയന്‍കീഴ്- ആറ്റിങ്ങല്‍ കടുവയില്‍ സ്വദേശിനിയായ വയോധികയാണ് സംരക്ഷണം സംബന്ധിച്ച് മക്കളുടെ തര്‍ക്കത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടന്നത്.പോലീസിടപെട്ട് മക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണ് വയോധികയ്ക്ക് ആംബുലന്‍സില്‍നിന്നു മോചനമായത്.പത്തു മക്കളുള്ള ഈ അമ്മയുടെ അഞ്ചു മക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ഡി.മിഥുന്‍ പറഞ്ഞു. വാര്‍ദ്ധക്യസംബന്ധമായ അവശതകളെത്തുടര്‍ന്ന് കിടപ്പിലായ അമ്മ, നാലാമത്തെ മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഈ മകള്‍ അമ്മയെ ആംബുലന്‍സില്‍ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചു. എന്നാല്‍, ആ മകള്‍ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
നാലാമത്തെ മകള്‍ അമ്മയെ സ്ട്രക്ചറില്‍ കിടത്തി അഞ്ചാമത്തെ മകളുടെ വീടിനു മുന്നില്‍ വച്ചു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും വിഷയത്തിലിടപെട്ടു. കൗണ്‍സിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മക്കളുമായി സംസാരിച്ചു.
അമ്മയുടെ മൂത്ത മകള്‍ വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും അവരെ പരിചരിക്കാന്‍ ആശുപത്രിയിലേക്കു പോകേണ്ടതിനാലാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചതെന്നുമാണ് നാലാമത്തെ മകള്‍ പറഞ്ഞിട്ടുള്ളത്. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നു മാസം വീതം ഓരോ മക്കളും മാറിമാറി അമ്മയെ നോക്കിക്കൊള്ളാമെന്ന് സ്‌റ്റേഷനില്‍ എഴുതിവച്ചു.അടുത്ത മൂന്നു മാസം അഞ്ചാമത്തെ മകള്‍ അമ്മയെ സംരക്ഷിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
 

Latest News