യുവതിയോട് അപമര്യാദ; ആശുപത്രി അറ്റന്‍ഡര്‍ അറസ്റ്റില്‍

ഇടുക്കി- പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുറിവില്‍ മരുന്ന് വെച്ചുകെട്ടാന്‍ ചെന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറ്റന്‍ഡര്‍ അറസ്റ്റില്‍. തട്ടക്കുഴ സ്വദേശി രവീന്ദ്രനെ(53)യാണ് കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
തിങ്കളാഴ്ച രാവിലെ 10.30ന് വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കാലിലെ മുറിവില്‍ മരുന്ന് വെച്ചുകെട്ടാനാണ് യുവതി എത്തിയത്. ഈ സമയം അറ്റന്‍ഡര്‍ അപമര്യാദയായി പെരുമാറിയതായാണ് യുവതിയുടെ പരാതി. സംഭവം യുവതി വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം എത്തി പരാതി ഉന്നയിച്ചു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ കാളിയാര്‍ പോലീസ് അറ്റന്‍ഡറെ അറസ്റ്റുചെയ്തു. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

 

Latest News