മഞ്ചേശ്വരത്ത് കോളേജ് വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിച്ചു; കല്ലേറില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്- മഞ്ചേശ്വരത്ത് കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഒരു സംഘം ആക്രമിച്ചു. അക്രമി സംഘത്തിന്റെ കല്ലേറില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിങ്കള്‍ വൈകുന്നേരം നാലര മണിയോടെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ കുട്ടികള്‍ വീട്ടിലേക്ക് പോകുന്നതിനായി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കളിച്ചും ചിരിച്ചും ഒരുമിച്ചു നടന്നുപോകുന്നത് രസിക്കാത്ത ചിലരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. അക്രമിസംഘം എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സംഘം റെയില്‍വെ ട്രാക്കിലെ കല്ല് പെറുക്കി വിദ്യാര്‍ത്ഥികളെ എറിഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയുടെ തലയില്‍ കല്ലുകൊണ്ട് മുറിവേറ്റു. മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മുറിവില്‍ തുന്നിക്കെട്ടുണ്ട്. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.

 

Latest News