മാധ്യമങ്ങള്‍ക്ക് അടിയന്തരാവസ്ഥയേക്കാളും വലിയ ദുരവസ്ഥ- എന്‍.റാം

ന്യൂദല്‍ഹി- രാജ്യത്ത് മാധ്യമങ്ങള്‍ അടിയന്തരാവസ്ഥയെക്കാളും വലിയ ദുരവസ്ഥയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഹിന്ദു ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍. റാം. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ സംഭവത്തില്‍ ദല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച് മീറ്റ് ദി പ്രസ് പരിപാടിയില്‍ വെര്‍ച്വല്‍ ആയി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത മാധ്യമങ്ങളെ കടന്നാക്രമിക്കുന്ന പ്രവണതയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും കുറ്റപ്പെടുത്തി.

    ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ രാജ്യസുരക്ഷയെ ബാധിച്ചേക്കാമെന്ന വിലയിരുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ മീഡിയ വണ്‍ ചാനലിന്റെ പ്രക്ഷേപണ അനുമതി റദ്ദാക്കിയത് മൗലിക അവകാശ ലംഘനം തന്നെയാണെന്ന് എന്‍. റാം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി ഞെട്ടിക്കുന്നതാണ്. അടിയന്തരാവസ്ഥ കാലത്തു പോലും മാധ്യമങ്ങള്‍ക്ക് മേല്‍ ഇത്രയധികം അടിച്ചമര്‍ത്തല്‍ ഉണ്ടായിട്ടില്ല. സീല്‍ വെച്ച കവറില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയും സര്‍ക്കാര്‍ തീരുമാനം ശരി വെച്ചിരിക്കുന്നത്. എന്നാല്‍, എന്തു കാരണത്താല്‍ അനുമതി നിഷേധിക്കപ്പെട്ടു എന്ന അടിസ്ഥാന കാര്യം പോലും ചാനല്‍ അധികൃതരെ അറിയിച്ചിട്ടില്ല. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ സുപ്രധാന വശങ്ങള്‍ ഈ കേസില്‍ കേരള ഹൈക്കോടതി ഉള്‍ക്കൊണ്ടിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മീതെ ലക്ഷ്യം വെച്ചു കൊണ്ടു നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ചാനലുകളുടെ പ്രവര്‍ത്തനം തടയാനാകില്ല. കോടതിയുടെ ഇടപെടലുകളിലൂടെ നീതി ലഭ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

    കേന്ദ്ര സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെടുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാര്‍ പരസ്യം ഉള്‍പ്പടെ ഭരണപക്ഷ അനുകൂലികളായ മാധ്യമങ്ങള്‍ക്ക്ു മാത്രം നല്‍കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ണായക വിവരങ്ങളും മന്ത്രിമാര്‍ അടക്കമുള്ളവരുടെ അഭിമുഖങ്ങള്‍ പോലും ഇഷ്ടക്കാരായ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് നല്‍കുന്നത്. വിമര്‍ശന സ്വരം ഉയര്‍ത്തുന്നവരെ പാടേ അകറ്റി നിര്‍ത്തുകയും ശത്രുത മനോഭാവം വെച്ചു പുലര്‍ത്തുകയുമാണ്. ഇതേ നിലപാട് തന്നെ തുടരുകയാണെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം എന്നത് രാജ്യത്ത് നിന്ന് താമസിയാതെ തുടച്ചു നീക്കപ്പെടും. സര്‍ക്കാരിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത മാധ്യമ സ്ഥാപനങ്ങളെ സിബിഐ, ഇഡി, എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചു സമ്മര്‍ദത്തിലാക്കുകയാണ്. കാരണം പോലും വ്യക്തമാക്കാതെയാണ് മീഡിയാ വണ്‍ ചാനലിനെതിരേ നടപടിയെടുത്തിരിക്കുന്നത്. ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ രാജ്യസുരക്ഷയെ ബാധിച്ചേക്കും എന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തലാണ് നടപടിക്ക് ആധാരം. സീല്‍ ചെയ്ത കവറില്‍ സര്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഇതു ശരി വെച്ചു. സീല്‍ ചെയ്ത കവറില്‍ സര്‍ക്കാര്‍ വിവരം കൈമാറുന്ന പ്രവണത കൂടി വരികയാണ്. റഫാല്‍ കേസില്‍ ഉള്‍പ്പടെ ഇതു കണ്ടതാണ്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത ഒരു നീതി സംവിധാനമാണിത്. സ്വാഭാവിക നീതിക്ക് നിരക്കാത്ത പ്രവണതയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ഡെപ്യൂട്ടി സിഇഒ എം. സാജിദ് എന്നിവരും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു.
    

 

 

Latest News