റിയാദ് - ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും അവകാശ നിഷേധങ്ങളിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വ അനുയായികൾ പരസ്യമായി ഉയർത്തിയ മുസ്‌ലിം ഉന്മൂലന ആഹ്വാനത്തിലും സാമൂഹികമാധ്യമങ്ങളിൽ മുസ്‌ലിം വനിതകളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിലും കർണാടകയിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് മുസ്‌ലിം വിദ്യാർഥിനികളെ തടഞ്ഞതിലും ഒ.ഐ.സി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭ സംവിധാനങ്ങളോടും യു.എൻ മനുഷ്യാവകാശ കൗൺസിലിനോടും ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ മുസ്‌ലിംകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും മുസ്‌ലിംകളുടെ ജീവിതരീതി സംരക്ഷിക്കാനും അവർക്കിതിരെ അക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെയും ഇതിന് പ്രേരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇന്ത്യൻ അധികാരികളോട് വീണ്ടും ആവശ്യപ്പെടുന്നതായി ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ പറഞ്ഞു. മുസ്‌ലിംകളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമിട്ട് നിരന്തരം നടക്കുന്ന ആക്രമണങ്ങളും മുസ്‌ലിം വിരുദ്ധ നിയമങ്ങൾ നിർമിക്കാൻ വ്യത്യസ്ത സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളും നിരർഥകമായ കാരണങ്ങൾ നിരത്തി ഹിന്ദുത്വവാദികൾ മുസ്‌ലിംകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചതും ഇത്തരം കുറ്റവാളികൾ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടുന്നതും ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ പ്രവണത വർധിക്കുന്നതിന്റെ സൂചനയാണെന്നും ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും മുൻനിരയിലുണ്ടായിരുന്ന മുസ്‌ലിം യുവതികളെ സുള്ളി ഡീൽസ്, ബുള്ളി ബായ് ആപ്പുകളിലൂടെ ലേലത്തിൽ വിൽപനക്ക് വെച്ചതിനും ഡിസംബറിൽ ഹരിദ്വാറിൽ ചേർന്ന ധർമ സൻസദിൽ വെച്ച് മുസ്‌ലിംകളെ ഉന്മൂലം ചെയ്യാൻ ആവശ്യപ്പെട്ടുള്ള വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെയാണ് കർണാടകയിൽ ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്ന് മുസ്‌ലിം വിദ്യാർഥിനികളെ വിലക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒ.ഐ.സി രംഗത്തെത്തിയത്.