അനുസരണക്കേട് ആരോപിച്ച് ഭാര്യക്കു നേരെ ആസിഡ് ആക്രമണം: സൗദി പൗരന് പത്തു വര്‍ഷം തടവ്

ജിദ്ദ - ഭാര്യക്കു നേരെ ആസിഡ് ആക്രമണം നടത്തിയ സൗദി പൗരനെ ജിദ്ദ അപ്പീല്‍ കോടതി പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. അനുസരണക്കേട് കാണിക്കുന്നതായി വാദിച്ചാണ് പ്രതി ഭാര്യക്കു മേല്‍ ആസിഡ് ഒഴിച്ചത്. ആസിഡ് തട്ടി ഭാര്യയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിരുന്നു. ഭാര്യക്കു മേല്‍ ആസിഡ് ഒഴിച്ച് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ മുഖത്തും ശിരസ്സിലും മുതുകിലും കൈകളിലുമാണ് പൊള്ളലേറ്റത്. ആക്രമണത്തില്‍ ഭാര്യയുടെ ശരീരത്തില്‍ പാടുകളും വൈകല്യങ്ങളുമുണ്ടാവുകയും ചെയ്തു.
ഇരുപത്തിയഞ്ചു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. ഭര്‍ത്താവിന്റെ പെരുമാറ്റ ദൂഷ്യവും പരുഷ സ്വഭാവവും കാരണം വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതയായി ഭാര്യ സിവില്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പിന്നീട് ഇവര്‍ ക്രിമിനല്‍ കേസും നല്‍കി. ഇതിനു ശേഷമാണ് സൗദി പൗരന്‍ ഭാര്യക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്.
ഈ കേസില്‍ വിചാരണ കോടതി പ്രതിക്ക് അഞ്ചു വര്‍ഷം തടവാണ് വിധിച്ചിരുന്നത്. കുറ്റകൃത്യത്തിന് നിരക്കുന്ന ശിക്ഷയല്ലെന്ന് പറഞ്ഞ് വിചാരണ കോടതി വിധി റദ്ദാക്കിയാണ് അപ്പീല്‍ കോടതി സൗദി പൗരനെ പത്തു വര്‍ഷം തടവിന് ശിക്ഷിച്ചത്. ആക്രമണത്തില്‍ സംഭവിച്ച പരിക്കുകള്‍ക്കുള്ള നഷ്ടപരിഹാരമായി പ്രതി ഒരു ലക്ഷം റിയാല്‍ ഭാര്യക്ക് നല്‍കണമെന്നും അപ്പീല്‍ കോടതി വിധിച്ചു.

 

Latest News