*ആക്രമിച്ചത് സിംഹക്കുട്ടിയെന്ന് പരിശീലകന്‍
ജിദ്ദ - ഉത്തര ജിദ്ദയില്‍ ഒയാസിസ് മാളിനു സമീപം സംഘടിപ്പിക്കുന്ന റബീഅ് ജിദ്ദ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ മക്ക പ്രവിശ്യ ആക്ടിംഗ് ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. ഫെസ്റ്റിവല്‍ നഗരിയില്‍ സിംഹം പെണ്‍കുട്ടിയെ ആക്രമിച്ചതിനെ തുടര്‍ന്നാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി കാരണക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. സിംഹം ബാലികയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടാണ് സംഭവത്തില്‍ ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചതും ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതും. ബന്തവസ്സുള്ള കൂട്ടില്‍ അടയ്ക്കാത്തതിനാല്‍ സിംഹം സന്ദര്‍ശകര്‍കര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയും ബാലികയെ ആക്രമിക്കുകയുമായിരുന്നു. പരിശീലകന്‍ ഓടിയെത്തി ഏറെ പണിപ്പെട്ടാണ് ബാലികയെ രക്ഷപ്പെടുത്തിയത്. ആറ് മാസം മാത്രം പ്രായമുള്ള സിംഹക്കുട്ടിയാണ് ബാലികയെ ആക്രമിച്ചതെന്നും പ്രചരിക്കുന്ന വീഡിയോ പൂര്‍ണതയില്ലാത്തതാണെന്നും പരിശീലകനും മൃഗശാല ഉടമസ്ഥനുമായ ഫൈസല്‍ അസീരി പറഞ്ഞു. സിംഹക്കുട്ടിയുടെ നഖം നേരത്തെ നീക്കം ചെയ്തിരുന്നുവെന്നും മുറിവേല്‍പ്പിക്കാന്‍ ഈ കുഞ്ഞുസിംഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാണികള്‍ പരിഭ്രമിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ തിക്കുംതിരക്കുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ബാലിക സുരക്ഷിതയാണെന്നും അസീരി കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന ഞായറാഴ്ചയും പിറ്റേന്നും ഈ ബാലികയും രക്ഷിതാവും സഹോദരന്മാരും ഇതേ സിംഹക്കുട്ടിയുമായും മറ്റു മൃഗങ്ങളുമായും കളിച്ചിരുന്നതായും അസീരി അവകാശപ്പെട്ടു.






