ലൈംഗിക ചൂഷണ സാധ്യത: മോഡലുകളുടെ ദുരൂഹ  മരണം സി.ബി.ഐ അന്വേഷിക്കണം-ബന്ധുക്കള്‍

കൊച്ചി- കൊച്ചിയിലെപെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന്‍ പറഞ്ഞു.
മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാവാം ഡിവൈസുകള്‍ റോയി നശിപ്പിച്ചത്. സംശയങ്ങള്‍ ബലപ്പെടുന്ന രീതിയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. റോയിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മദ്യമോ മറ്റോ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാവാം അപകടമുണ്ടായത്. റോയിയെ വെള്ളപൂശാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും നസീമുദ്ദീന്‍ പറഞ്ഞു.
ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചത്തലത്തിലാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത് എന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
 മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. കേസില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.നവംബര്‍ ഒന്നിന് അര്‍ധരാത്രി മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

Latest News