ക്ലബില്‍ മദ്യപിച്ചെത്തിയത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍

കൊല്ലം-ക്ലബ്ബില്‍ മദ്യപിച്ച് കളിക്കാന്‍ വന്നതിനെ ചോദ്യംചെയ്ത യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ പോലീസ് പിടിയില്‍. കൊറ്റങ്കര പേരൂര്‍ തെറ്റിച്ചിറ പുത്തന്‍വീട്ടില്‍ സബീര്‍ (26), സഹോദരന്‍ സാബര്‍ (28), ഷാനു (27) എന്നിവരെയാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

തെറ്റിച്ചിറയില ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ വെള്ളിയാഴ്ച രാത്രി 10.30-ഓടെ യുവാക്കളടങ്ങിയ സംഘം മദ്യപിച്ച് എത്തുകയായിരുന്നു. ക്ലബ്ബ് ഭാരവാഹിയായ ശ്യാം ഇതിനെ ചോദ്യം ചെയ്യുകയും കളിക്കാന്‍ അനുവദിക്കില്ലെന്നറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ശ്യാമിനെ ആക്രമിച്ചു.

സ്ഥലത്തുനിന്നു രക്ഷപ്പെട്ട ശ്യാമിനെ പിന്‍തുടര്‍ന്ന് ആക്രമിച്ചത് സുഹൃത്തായ അജ്മല്‍ഖാന്‍ എതിര്‍ത്തു. കൈവശമിരുന്ന കത്തി കൊണ്ട് ഇവര്‍ അജ്മല്‍ഖാന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ അജ്മല്‍ഖാന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഘത്തിലെ മൂന്നുപേരെ പോലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

 

Latest News