കൊല്‍ക്കത്ത- ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ ബന്ധുക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത് ബംഗാളില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയായി.
അര്‍ജുന്‍ സിംഗിന്റെ അളിയന്‍ സുനില്‍ സിംഗ് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്നു. മകന്‍ ആദിത്യയോടൊപ്പമാണ് സുനില്‍ സിംഗിന്റെ തൃണമൂലിലേക്കുള്ള മടക്കം.
അര്‍ജുന്‍ സിംഗിന്റെ അനന്തരവന്‍ സൗരവ് സിംഗും ടി.എം.സിയിലേക്ക് മടങ്ങിയിട്ടുണ്ട്്. 24 പര്‍ഗാനാസ് ജില്ലയിലെ ഭട്പാര മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു സൗരവ് സിംഗ്.
അര്‍ജുന്‍ സിംഗ് എം.പിയുടെ മൂന്ന് അടുത്ത ബന്ധുക്കള്‍ക്ക് പുറമെ, ബി.ജെ.പിയുടെ നിരവധി സ്ഥാനാര്‍ഥികള്‍ ഈ മാസം 27 ന് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയിരിക്കയാണ്. പത്രിക പിന്‍വലിക്കാനുള്ള സമയം ശനിയാഴ്ച അവസാനിച്ചപ്പോഴാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സ്ഥാനാര്‍ഥികളുടെ പിന്‍വാങ്ങല്‍. 108 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് അര്‍ജുന്‍ സിംഗ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് ബാരക്പൂരിലെ സിറ്റിംഗ് സീറ്റില്‍ തൃണമുല്‍ എം.പി ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.
ബംഗാളില്‍ ബി.ജെ.പി സമീപ ഭാവിയില്‍തന്നെ ഇല്ലാതാകുമെന്നും താന്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേക്ക് പോയതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുവെന്നും അത് വഞ്ചനയായി പോയെന്നും മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ സാന്നിധ്യത്തില്‍ സുനില്‍ സിംഗ് പറഞ്ഞു.






