Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചുവപ്പ് പരവതാനി മുഖ്യമന്ത്രിയുടെ വാക്കുകളില്‍ മാത്രം; 70 ലക്ഷം രൂപ മുടക്കി പ്രവാസി ആരംഭിച്ച സ്ഥാപനം ഉപരോധം നടത്തി പൂട്ടിച്ചു

കണ്ണൂര്‍ - നിക്ഷേപകര്‍ക്കായി കേരളം ചുവപ്പു പരവതാനി വിരിച്ച് കാത്തിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫില്‍ പ്രഖ്യാപനം നടത്തി മടങ്ങി ദിവസങ്ങള്‍ പിന്നിടും മുമ്പേ,  70 ലക്ഷത്തിലധികം രൂപ മുടക്കി ആരംഭിച്ച പ്രവാസിയുടെ സ്ഥാപനം സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉപരോധം നടത്തി പൂട്ടിച്ചു.

കണ്ണൂര്‍ ജില്ലയിലെ മാതമംഗലം ടൗണില്‍ എസ്.ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ് വെയര്‍ സ്ഥാപനം തുടങ്ങിയ റബീഹ് മുഹമ്മദാണീ ഹതഭാഗ്യന്‍. സി.ഐ.ടി യു വിന് പിന്നാലെ തദ്ദേശ സ്ഥാപനവും നടപടികളുമായി മുന്നോട്ടു വന്നതോടെ സ്ഥാപനം അടച്ചിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ഈ യുവ സംരംഭകന്. ഒന്നര പതിറ്റാണ്ടിലേറെ കാലം ഗള്‍ഫില്‍ ജോലി ചെയ്ത് സ്വരൂപിച്ച തുകയുമായി നാട്ടില്‍ ഒരു സ്ഥാപനം ആരംഭിക്കാനിറങ്ങിയ റബീഹിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയായിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2022/02/13/rabeehmuhammad-kannur.jpg

2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്.ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പ് റബീഹ് തുടങ്ങിയത്. തൃശ്ശൂര്‍ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാര്‍ എന്റര്‍പ്രൈസസ് ഉടമ കെ.എ. സബീലുമായി പാര്‍ട്ണര്‍ഷിപ്പിലാണ് വ്യാപാര സ്ഥാപനത്തിന്റെ ആരംഭം. സ്ഥാപനമാരംഭിക്കാനുള്ള 'ലൈസന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി,സാധനങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയപ്പോഴാണ് സി.ഐ.ടി.യു എന്ന ഇടതു ട്രേഡ് യൂനിയന്‍ സംഘടനയുടെ ഇടപെടലുണ്ടായത്. സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നോക്ക് കൂലി ഉള്‍പ്പെടെ വലിയ തുക ആവശ്യപ്പെട്ടതോടെ കയറ്റിറക്കിനായി സ്ഥാപനത്തില്‍ സ്വന്തം ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു. ആക്രമണമുള്‍പ്പെടെയുള്ളവ നേരിടേണ്ടി വന്നുവെങ്കിലും, ഹെക്കോടതിയുടെ ഇടപെടലോടെ ഇത് നടപ്പാക്കുകയും ജീവനക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് ഉള്‍പ്പെടെ ലഭ്യമാക്കുകയും ചെയ്തു.

ഇതോടെ സി.ഐ.ടി.യു തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്നില്‍ ഉപരോധസമരം ആരംഭിച്ചു. സ്ഥാപനത്തിലെത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ എത്താതായി. ഭീഷണി വകവെക്കാതെ സാധനങ്ങള്‍ വാങ്ങാനെത്തിയ മുസ് ലിം ലീഗ് പ്രവര്‍ത്തകനെ പോലീസുകാരുടെയും നാട്ടുകാരുടെയും  മുന്നില്‍ വെച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.
ഇതോടെ സ്ഥാപനം അടച്ചു പൂട്ടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. മാസങ്ങളോളം ഉപരോധസമരം നടത്തിയിട്ടും ചര്‍ച്ചയുടെ സാധ്യത തെളിയാത്തതിനെത്തുടര്‍ന്നാണ് തൊഴിലാളി സംഘടന സമരത്തിന്റെ ശൈലി മാറ്റിയതെന്നാണ് പറയുന്നത്.

           വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്ത് സ്വരൂപിച്ച തുകയുമായാണ് നാട്ടില്‍ ഈ സ്ഥാപനം ആരംഭിച്ചതെന്നും, ഇത് സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വഴിയൊരുക്കേണ്ടത് സര്‍ക്കാരാണെന്നും റബീഹ് പറയുന്നു. താന്‍ എല്ലാ ലൈസന്‍സും നേടിയ ശേഷമാണ് സ്ഥാപനം ആരംഭിച്ചത്. ഒരു വര്‍ഷമായി ഇവിടെ കച്ചവടം ഇല്ല. സാധനങ്ങള്‍ വാങ്ങാനെത്തിയവരെ ആക്രമിച്ചത് എല്ലാവരും കണ്ടതാണ്. ഇതൊരു സി.ഐ.ടി.യു - ലീഗ് വിഷയമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തനിക്കതില്‍ താത്പര്യമില്ല. തന്റെ ജീവനടക്കം ഭീഷണിയുണ്ട്. പുറത്തേക്ക് പോകുമ്പോള്‍ പലരും വാഹനത്തില്‍ പിന്‍തുടരുന്നു. സ്ഥാപനത്തിനും തനിക്കും പോലീസ് സംരക്ഷണം കോടതി ഏര്‍പെടുത്തിയിട്ടുണ്ട്. ഇവര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം നടത്തിയത്. തനിക്ക് രാഷ്ട്രീയമില്ല. ഒരു സംരംഭകന്‍ തന്റെ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിന് വഴിയൊരുക്കേണ്ടത് സര്‍ക്കാരാണ്. ഇനി സര്‍ക്കാര്‍ നടപടിയെടുക്കട്ടെയെന്നും റബീഹ് പറയുന്നു.
അതേ സമയം, തൊഴില്‍ നിഷേധത്തിനെതിരാണ് സമരമെന്നും ആരെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ്  സി.ഐ.ടി.യു വിശദീകരണം.
 

 

Latest News