ഹിജാബ് വിവാദം: അഭിഭാഷകനെതിരായ സംഘ്പരിവാര്‍ പ്രചാരണം തള്ളി രാമകൃഷ്ണ ആശ്രമം

ബെംഗളൂരു- കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് നിരോധിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകനെതിരെ സംഘ്പരിവാര്‍ പ്രചാരണം. മുസ്ലി വിദ്യാര്‍ഥിനികളുടെ അവകാശത്തെ ന്യായീകരിക്കാന്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉദ്ധരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് ഹിന്ദുത്വ തീവ്രവാദികളുടെ എതിര്‍പ്പ് നേരിടുന്നത്.
അതേസമയം, അഭിഭാഷകനെ ന്യായീകരിച്ചുകൊണ്ട് കര്‍ണാടക കാര്‍വാറിലെ രാമകൃഷ്ണ ആശ്രമം രംഗത്തുവന്നു. കര്‍ണാടക സ്‌കൂളുകളിലും കോളേജുകളിലും തുടരുന്ന ഹിജാബ് വിവാദം അനാവശ്യമാണെന്നും സാമാധാനത്തിനും സൗഹാര്‍ദത്തിനും നിരക്കുന്നതല്ലെന്നും രാമകൃഷ്ണ ആശ്രമം വ്യക്തമാക്കി. ഹിജാബിനെ ന്യായീകരിക്കാന്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉദ്ധരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഹിന്ദു മതത്തിനെതിരെ യാതൊന്നും ചെയ്തിട്ടില്ലെന്ന് ആശ്രമത്തിലെ ഉന്നത പൂജാരി പ്രസ്താവനയില്‍ പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും മുസ്ലിം പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രത്തെ ചൊല്ലി അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇതേക്കുറിച്ചുള്ള വിവാദം തന്നെ വേദനിപ്പിക്കുന്നു. ഇത് സമൂഹത്തില്‍ നല്ല കാര്യത്തിനുവേണ്ടിയുള്ളതല്ല. സമാധാനത്തിനും സൗഹാര്‍ദത്തിനും വിരുദ്ധവുമാണ്- സ്വാമി ഭവീശാനന്ദ് പറഞ്ഞു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്തിനെതിരെ നടക്കുന്ന പ്രചാരണം അതിലേറെ വേദനിപ്പിക്കുന്നു. കോടതിയില്‍ അഭിഭാഷകനെന്ന നിലയില്‍ ഒരു ഭാഗത്തെ പ്രതിനിധീകരിച്ചതു കൊണ്ട് മാത്രമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം ഹിന്ദു മതത്തിനെതിരു നില്‍ക്കുന്നുവെന്നാണ് ചിലരുടെ പ്രചാരണം. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും സ്വാമി വിശദീകരിച്ചു.   

 

Latest News