ഡെറാഡൂണ്‍- ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഏക സിവില്‍ കോഡിന്റെ കരട് തയാറാക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. വിവാഹം, വിവാഹമോചനം, സ്വത്തുക്കള്‍, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതവിശ്വാസം നോക്കാതെ എല്ലാവര്‍ക്കും ഒരേ നിയമം നടപ്പിലാക്കുന്നതായിരിക്കും ഏക സിവല്‍ കോഡെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ഏക സിവല്‍ കോഡ് നടപ്പാക്കുമെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ഗോവ കഴിഞ്ഞാല്‍ ഏകീകൃത നിയമം നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്ന് വ്യക്തമാക്കി. പോര്‍ച്ചുഗീസ് കോളനി നിയമത്തിന്റെ തുടര്‍ച്ചയായി ഗോവ സിവില്‍ കോഡ് നടപ്പിലാക്കിയിരുന്നു.
മുഖ്യമന്ത്രി ധാമിയുടെ നീക്കത്തെ കര്‍ണാടക ബി.ജെ.പി എം.പി തേജസ്വി സൂര്യയും സ്വാഗതം ചെയ്തു. ഭരണഘടന പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള വലിയ ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണടകയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് നിഷേധിച്ചതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലും പ്രകടമായതിനെ തുടര്‍ന്ന് ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കുപ്രചാരണം നടക്കുകയാണന്ന നിലപാടിലാണ് ബി.ജെ.പി. അതിനിടെയാണ് പാര്‍ട്ടി നേതാക്കള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന പാര്‍ട്ടി നേതാക്കളുടെ ആവശ്യം.