ബെംഗളൂരു- കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച വിവാദത്തിനുപിന്നാലെ തനിക്ക് നിരവധി ഭീഷണ കോളുകള്‍ ലഭിച്ചതായി ഉഡുപ്പിയിലെ ബി.ജെ.പി എം.എല്‍.എ രഘുപതി ഭട്ട് പറഞ്ഞു.ഭൂരിഭാഗം കോളുകളും വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇന്റര്‍നെറ്റ് കോളുകളാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തില്‍ കൂടുതല്‍ പ്രസ്താവനകള്‍ നടത്തിയാല്‍ ജീവന്‍ പോകുമെന്നാണ് ഭീഷണിയെന്നും ബി.ജെ.പി എം.എല്‍.എ വെളിപ്പെടുത്തി.
സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിച്ച ഉഡുപ്പി പ്രീ യൂനിവേഴ്‌സറ്റി കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ഭട്ട്. വധ ഭീഷണി തനിക്ക് പുതിയതല്ലെന്നും വിവരങ്ങള്‍ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ നമ്പറുകളില്‍നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ മുമ്പും നേരിട്ടയാളാതിനാല്‍ ഒട്ടും ഭയമില്ല. ഉഡുപ്പിയിലെ മുസ്ലിംകള്‍ തന്നോടൊപ്പമാണെന്നും ജില്ലയിലെ ഖാദിമാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉഡുപ്പിയിലെ പി.യു കോളേജില്‍ ഹിജാബ് ധരിക്കണമെന്ന് വശി പിടിക്കുന്ന ആറ് വിദ്യാര്‍ഥിനികളെ ചിലര്‍ വഴിതെറ്റിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.