Sorry, you need to enable JavaScript to visit this website.

ലോഡിറക്കില്ല; നോക്കുകൂലി നിർബന്ധം, വീണ്ടും കേരളത്തിൽ തന്നെ

തിരുവനന്തപുരം- നോക്കൂകൂലി ആവശ്യപ്പെട്ട് യുവസംരഭകനെ തൊഴിലാളി പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം കഴക്കൂട്ടം ചാക്ക ബൈപ്പാസിൽ മൂവബിൾ ഫർണിച്ചർ സ്റ്റോർ എന്ന സ്ഥാപനം തുടങ്ങിയ യുവസംരംഭകന്‍ ഫാസിലാണ് പരാതിയുമായി രംഗത്തെത്തിയത്. സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന ഫർണിച്ചർ ലോഡ് ഇറക്കാൻ തയ്യാറാകാതിരുന്ന തൊഴിലാളി സംഘടന പ്രവർത്തകർ പിന്നീട് എത്തി ഭീമമായ തുക നോക്കുകൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശി ഫാസിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നോക്കുകൂലി വാങ്ങരുതെന്ന് കഴിഞ്ഞദിവസം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ മൂക്കിന് കീഴിലാണ് നാണം കെടുത്തിയ സംഭവം വീണ്ടും അരങ്ങേറിയത്. നോക്കൂകൂലി ആവശ്യപ്പെട്ടെത്തിയ സംഘത്തിലെ ബി.എം.എസ് നേതാവ് എന്ന് പരിചയപ്പെടുത്തിയയാള്‍ വധഭീഷണി മുഴക്കിയതായും ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയി‍ല്‍  ഫാസില്‍  ആരോപിച്ചു. ഇതിന് പുറമെ, മുഖ്യമന്ത്രിക്കും വിവിധ രാഷ്ട്രീയ നേതാക്കൾക്കും ഫാസിൽ തുറന്ന കത്തുമെഴുതി.
ഫാസിൽ എഴുതിയ തുറന്ന കത്തിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും, കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും ഒരു തുറന്ന കത്ത്...

എന്റെ പേര് ഫാസിൽ. തിരുവനന്തപുരം സ്വദേശിയാണ്. ഒരു ബി.ടെക് ബിരുദധാരി എന്നതിലുപരി ഒരു യുവസംരഭകൻ എന്നറിയപ്പെടാനാണ് എന്റെ ആഗ്രഹം. ആ തീവ്രമായ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് എന്റെ ബന്ധു സഹോദരങ്ങൾക്കൊപ്പം തിരുവനന്തപുരത്ത് ഒരു പുതിയ വ്യവസായ സംരഭത്തിന് തുടക്കമിട്ടതും. വീടും പുരയിടവും, സ്വർണ്ണവും ഉൾപ്പടെ പണയപ്പെടുത്തിയാണ് 70 ലക്ഷത്തിലധികം രൂപ വായ്പയെടുത്താണ് സഹോദരങ്ങൾക്കൊപ്പം ബിസനസ് ആരംഭിച്ചത്. കഴക്കൂട്ടം ചാക്ക ബൈപാസിലെ വെൺപാലവട്ടത്തുള്ള മൂവബിൾ ഫർണ്ണിച്ചർ സ്‌റ്റോർ ഒരു തവണയെങ്കിലും സന്ദർശിച്ചവർക്കു മനസ്സിലാകും ഈ സ്ഥാപനം കെട്ടിപ്പെടുക്കുന്നതിന് ഞാനും എന്റെ സഹോദരങ്ങളും എത്രത്തോളം പരിശ്രമിച്ചെന്ന്.

ഇനി കാര്യത്തിലേക്കു വരാം. കഴിഞ്ഞ ഡിസംബർ 29നായിരുന്നു കടയുടെ ഉദ്ഘാടനം. ഷോപ്പിലേക്ക് എത്തുന്ന ലോഡ് ഇറക്കാൻ പ്രദേശത്തെ തൊഴിലാളി യൂണിയനുകളുമായി കരാറുണ്ടാക്കിയിരുന്നു. അതിൻപ്രകാരം അല്ലറ ചില്ലറ പ്രശ്‌നങ്ങൾ ഒഴിച്ച് കാര്യങ്ങൾ കുഴപ്പമില്ലാതെ പോയി. കഴിഞ്ഞ ദിവസം (കൃത്യമായി പറഞ്ഞാൽ 2-3-2018ൽ ഷോപ്പിലേക്ക് വിദേശത്തു നിന്ന് എത്തിയ ഫർണ്ണിച്ചറുകൾ അടങ്ങുന്ന ഒരു കണ്ടെയ്‌നർ എത്തിയിരുന്നു. കണ്ടെയ്‌നർ എത്തുന്ന തീയ്യതി 28-02-2018നു തന്നെ യൂണിയൻ ഭാരവാഹികളെ അറിയിച്ചിരുന്നു. കൃത്യസമയത്ത് ലോഡ് ഇറക്കി കണ്ടെയ്‌നർ തിരിച്ചുവിടണമെന്നാണ് ഷിപ്പിംഗ് കമ്പനിയുടെ കരാർ. എന്നാൽ 3ാം തീയതി വൈകിട്ട് 7 മണി വരെ ലോഡിംഗ് തൊഴിലാളികളെ പ്രതീക്ഷിച്ചു നിന്നു. ഇതിനകം പിഴയടക്കം പതിനായിരത്തിലധികം രൂപ ഷിപ്പിംഗ് കമ്പനിയ്ക്കു നൽകേണ്ടതായി വന്നു. യൂണിയൻകാരെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. 7 മണി വരെ കാത്തു നിന്ന ശേഷം, ഞങ്ങൾ സഹോദരങ്ങളും, സ്റ്റാഫുകളും ചേർന്ന് ലോഡിറക്കി.

തൊട്ടുപിന്നാലെ ഒരു കൂട്ടം തൊഴിലാളികൾ സ്ഥലത്തെത്തി നോക്കു കൂലി ആവശ്യപ്പെട്ടു. ലോഡ് നിങ്ങൾ തന്നെ ഇറക്കിക്കൊള്ളാൻ ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും ലോഡിറക്കിയാൽ ചിലപ്പോൾ സാധനം ഡാമേജ് വരുമെന്നുമായിരുന്നു പ്രതികരണം. അതോടെ ഞങ്ങൾ തന്നെ ലോഡിറക്കി. പിറ്റേന്ന് രാവിലെ ഒരു സംഘം ആളുകൾ ഷോപ്പിൽ വരികയും, എന്നെയും, ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊലക്കേസ് പ്രതികളടക്കം തങ്ങൾക്കൊപ്പമുണ്ടെന്നും നോക്കു കൂലിയായി ഭീമമായ ഒരു തുക തന്നില്ലെങ്കിൽ കൊന്നു കളയുമെന്നും സ്ഥാപനം അടിച്ചു തകർക്കുമെന്നുമായിരുന്നു ഭീഷണി. ഇതിന്റെ വീഡിയോ ക്ലിപ്പിംഗുകളും ഈ പോസ്റ്റിനൊപ്പം ഉണ്ട്.

പകച്ചു പോയ ഞാൻ എന്റെ സുഹൃത്തു മുഖേന ഓരു മാധ്യമത്തിലൂടെ ഈ ദൃശ്യങ്ങളും വാർത്തയും പുറത്തുവിട്ടു. തൊട്ടു പിറ്റേന്നു തന്നെ തൊഴിലാളികളടക്കം ഒരു സംഘമാളുകൾ ഷോപ്പിലെത്തി ശാരീരികമായി കയ്യേറ്റം ചെയ്യുന്നതിലേക്കു വരെ എത്തി കാര്യങ്ങൾ. സഹോദരന്റെ ഭാര്യ നിലവിളിച്ചതിനെ തുടർന്ന് ഉപദ്രവിച്ചില്ല. വാർത്ത നൽകിയതിതെന്തിനെന്നു ചോദിച്ചായിരുന്നു ഭീഷണി. ഇനി മേൽ നിങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത് ഒന്നു കാണണം എന്നുപറഞ്ഞ് കേട്ടാലറയ്ക്കുന്ന ചീത്തയും വിളിച്ചു. എന്റെ മാതാപിതാക്കളുടെയും, ഓഫീസ് ജിവനക്കാരുടെയും മുന്നിൽവെച്ചായിരുന്നു ഈ ഭീഷണിയെല്ലാം...

കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. രാജ്യത്തെ നിയമസംഹിതയെപ്പോലും വെല്ലുവിളിക്കുന്ന ഇവരോട് ഏത് നിയമത്തിന്റെ പിൻബലത്തിൽ പോരാടണമെന്ന് എനിക്കറിയില്ല. നിയമരമായി പോരാടിയാൽ എത്ര നാളത്തേയ്ക്ക് എന്നും എനിക്കറിയില്ല. പോലീസ് പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്. നോക്കു കൂലി അവസാനിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം നടന്നത്. ഇത്രയധികം തുക മുടക്കി ഒരു വ്യവസായ സ്ഥാപനം പടുത്തുയർത്തിയിട്ട് ഈ ഭീഷണിയെ ഭയന്ന് പിന്മാറാൻ ഞാൻ ഒരുക്കമല്ല. കാരണം എന്റെ ജീവിതമാണ് ഇത്. ഏതു ജോലി ചെയ്താൽ ലക്ഷങ്ങളുടെ ബാങ്ക് ലോൺ ഉൾപ്പടെ തിരിച്ചടയ്ക്കാനാകുമെന്ന് എനിക്കറിയില്ല.

ഇവരോട് ഏറ്റുമുട്ടി പരാജയം രുചിച്ച നിരവധിയാളുകളെ എനിക്കറിയാം. ഒരു ചാൺ കയറിൽ ജീവനൊടുക്കിയവരെയും, കോടികൾ നഷ്ടം വന്നവരെയും എനിക്കറിയാം. പക്ഷേ അങ്ങനെ ഒരു പരാജിതനായി അറിയപ്പെടാൻ എനിക്കാഗ്രഹമില്ല. ഫേസ്ബുക്ക് ഉൾപ്പടെയുള്ള , സോഷ്യൽ മീഡിയയുടെ ശക്തി എന്തെന്ന് ചില സമീപകാല സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ഞാൻ എനിക്കു പറയാനുള്ളതെല്ലാം ഈ ഫേസ്ബുക്കിലൂടെ പറയുന്നത്.

എനിക്ക് നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ വേണം. ഈ രാജ്യത്തെ ജനപ്രതിനിധികളിലേക്ക് എത്തണം ഈ വസ്തുത. അതുകൊണ്ട് മാത്രമാണ് ഈ കത്ത്. ഒന്നുകിൽ എന്നിലൂടെ അവസാനിക്കണം മനുഷ്യരാശിക്ക് തന്നെ അപകടകരമായ ഈ ക്യാൻസർ. ഇത്രയും നാൾ ഓരോരുത്തരും തോറ്റു പിന്മാറിയതുകൊണ്ടാകും ഇവർ ഇത്രത്തോളം കരുത്താർജ്ജിച്ചത്. ഇനി മറ്റൊരു സംരഭകനും ഞാൻ അനുഭവിക്കുന്ന ഈ വേദന ഉണ്ടാകരുത്.

എന്റെ ജീവനും, സ്ഥാപനവും, ഇന്ന് ഭീഷണിയിലാണ്. എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇവരെന്ന് എനിക്കറിയാം. പക്ഷേ ഞാൻ പോരാടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. കാരണം എന്റെ ഉമ്മയും പെങ്ങളുമടക്കം, വാപ്പയുമടക്കം തെരുവിലേക്ക് ഇറങ്ങുന്നതു കാണാൻ എനിക്കു മനസ്സില്ല. അങ്ങനെ സംഭവിച്ചാൽ അതെന്റെ മരണമാണ്........ഒരു ഭീരുവിന്റെ മരണം.....
 

Latest News