ജിസാന്‍ - സമൂഹം താഴെക്കിടയിലുള്ള ജോലിയായി കാണുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഇച്ഛാശക്തിയിലൂടെ ജിസാന്‍ യൂനിവേഴ്‌സിറ്റി അധ്യാപകനായി മാറിയ വിസ്മയകരമായ കഥയാണ് ഡോ. അഹ്‌മദ് മുദഖലിക്ക് പറയാനുള്ളത്. പതിനേഴു വര്‍ഷം മുമ്പ് അല്‍ഇമാം യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ കാണിച്ച സൗമനസ്യമാണ് തന്നെ ഡോക്ടറേറ്റ് ബിരുദം നേടാനും യൂനിവേഴ്‌സിറ്റി അധ്യാപകനായി മാറാനും സഹായിച്ചതെന്ന് ഡോ. അഹ്‌മദ് മുദഖലി പറയുന്നു. അല്‍ഇമാം യൂനിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ ഒരു ദിവസം താന്‍ സര്‍വകലാശാലാ ഡയറക്ടര്‍ക്കൊപ്പമിരുന്ന് തന്റെ ജീവിത പ്രയാസങ്ങള്‍ വിശദീകരിക്കുകയായിരുന്നെന്ന് ഡോ. അഹ്‌മദ് മുദഖലി പറഞ്ഞു.
സ്വന്തം ഓഫീസിന്റെ കവാടം തനിക്കു മുന്നില്‍ തുറക്കുന്നതിനു മുമ്പായി ഡയറക്ടര്‍ ഹൃദയ കവാടം തനിക്കു മുന്നില്‍ തുറന്നിടുകയായിരുന്നു. സെക്യൂരിറ്റി വിഭാഗത്തിലെ ജോലിക്കൊപ്പം യൂനിവേഴ്‌സിറ്റിയിലെ പഠനവും തുടരാമെന്ന് ഡയറക്ടര്‍ തന്നോട് വാഗ്ദാനം ചെയ്തു. രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യാനും രാവിലെ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി പഠനം തുടരാനുമുള്ള അവസരമാണ് ഡയറക്ടര്‍ ഒരുക്കിത്തന്നത്. അഞ്ചു വര്‍ഷത്തിലേറെ കാലം യൂനിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയില്‍ തുടര്‍ന്നു.
കുട്ടിക്കാലം മുതല്‍ നിരവധി പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിട്ടാണ് താന്‍ ഓരോ പടവുകളും ചവിട്ടിക്കയറിയത്. ഓര്‍മവെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ വേറിട്ടാണ് ജീവിച്ചിരുന്നത്. നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും കുട്ടിക്കാലം മുതല്‍ ജീവിതത്തില്‍ നേരിട്ടു. ഇവയെല്ലാം താന്‍ തരണം ചെയ്തു. പ്രതിസന്ധികളും പരീക്ഷണങ്ങളുമാണ് തന്നെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തിയത്.
പഠന കാലത്ത് ജീവിതം തകര്‍ന്നെന്ന് തോന്നിയ ഒരു നിമിഷത്തില്‍ ദേഷ്യം സഹിക്കവെയ്യാതെ ഇനിയൊരിക്കലും താന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കില്ലെന്ന് ശപഥം ചെയ്യുകയും കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് തന്റെ ഫയല്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിനു ശേഷം വൈകാതെ മനസ്സ് മാറി താന്‍ നിശ്ചയദാര്‍ഢ്യത്തോടെ പഠനം തുടരുകയായിരുന്നെന്നും ഡോ. അഹ്‌മദ് മുദഖലി പറഞ്ഞു.






