മൈസൂര്‍- പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കുകയും സര്‍ക്കാര്‍ സഹായം ലഭിച്ച അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിതാവ് അറസ്റ്റില്‍. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂരിലാണ് സംഭവം. പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തട്ടിയെടുക്കുകയായിരുന്നു.
2019 ലാണ് പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. 2020 ല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഈ പണം പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ സമീപിച്ച് അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി നല്‍കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് മനസ്സിലായി. ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ ഹുന്‍സൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.