ഹിജാബ് വിവാദത്തില്‍ തലയിടേണ്ടെന്ന് ഇതര രാജ്യങ്ങളോട് കേന്ദ്രം

ന്യൂദല്‍ഹി- ഹിജാബ് വിവാദം ആഗോള തലത്തില്‍ ശ്രദ്ധ നേടിയതോടെ, ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹമല്ലെന്ന് ഇന്ത്യ. കര്‍ണാടകയിലെ പല കോളേജുകളിലെയും മുസ്്‌ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദമായത്. വിഷയം ഇപ്പോള്‍ കോടതിയിലാണ്.
ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് യാഥാര്‍ഥ്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

'കര്‍ണാടക സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണരീതി സംബന്ധിച്ച ഒരു വിഷയം, കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ നമ്മുടെ ജനാധിപത്യ ധര്‍മ്മവും രാഷ്ട്രീയവും അടിസ്ഥാനമാക്കിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുക. -ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു.

'ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് ആ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ശരിയായ മതിപ്പ് ഉണ്ടായിരിക്കും,ക' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക സംഭവത്തില്‍ കഴിഞ്ഞ ദിവസം മതസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്ന അമേരിക്കന്‍ സമിതി വിമര്‍ശം ഉന്നയിച്ചിരുന്നു. സ്‌കൂളുകളിലെ ഹിജാബ് നിരോധം മതസ്വാതന്ത്ര്യ നിരോധമാണെന്ന് സമിതി മേധാവി റഷാദ് ഹുസൈന്‍ പറഞ്ഞു.

 

Latest News