ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നല്‍കിയ നോട്ടീസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടം ഈടാക്കാനാണ് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നോട്ടീസ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങള്‍ കൈമാറിയത്. എന്നാല്‍, സര്‍ക്കാര്‍ പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ അവസാന അവസരം നല്‍കുകയാണ്. ഫെബ്രുവരി പതിനെട്ടിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.






