Sorry, you need to enable JavaScript to visit this website.

കാക്കനാട് മയക്കുമരുന്ന് കേസിൽ  10,000 പേജ് കുറ്റപത്രം, 25 പ്രതികൾ 

-മൂന്നു പ്രതികൾ വിദേശത്തേക്ക് കടന്നു

കൊച്ചി- കാക്കനാട് മയക്കുമരുന്ന് കേസിൽ 25 പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച്  കുറ്റപത്രം സമർപ്പിച്ചത്. പതിനായിരത്തോളം പേജുകളുള്ളതാണ് കുറ്റപത്രം. 
കേസിൽ 25 പ്രതികളാണുള്ളത്. ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
ആറ് പ്രതികൾ ഒളിവിലാണ്. ഇതിൽ മൂന്നു പേർ വിദേശത്തേക്ക് കടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ബിലാൽ ലിത്‌ലജ്, ഷാരൂഖ് സഹൽ, മുഹമ്മദ് ഫവാസ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. മുഹമ്മദ് ഫവാസ് ആണ് ഒന്നാം പ്രതി. ശ്രീമോൻ, മുഹമ്മദ് അജ്മൽ, അഫ്‌സൽ മുഹമ്മദ്, ശബ്‌ന മനോജ്, തയ്യിബ ഔലാദ് എന്നിവരാണ് രണ്ടു മുതൽ ആറ് വരെ പ്രതികൾ. 19 പ്രതികളും ജയിലിലാണ്. 
ഒളിവിലുള്ളവർക്ക് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്നു കടത്തൽ, ഗൂഢാലോചന, സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങൾക്ക് എൻ.ഡി.പി.എസ് നിയമത്തിലെ 22സി, 25, 27 എ, 29 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 84 ഗ്രാം മെത്താഫെറ്റമിൻ മയക്കുമരുന്നു പിടികൂടിയ കേസാണിത്. ഒരു കിലോയിലധികം മയക്കുമരുന്നു പിടികൂടിയ രണ്ടാമത്തെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 
2021 ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ അപ്പാർട്ട്‌മെന്റിൽ നിന്നു മയക്കുമരുന്നു പിടികൂടിയത്. അന്ന് ഏഴു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ റെയ്ഡിൽ 1.085 കിലോ ഗ്രാം മെത്താഫെറ്റമിൻ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടുകയുണ്ടായി. 
സ്‌പെയിനിൽ നിന്ന് ശ്രീലങ്ക വഴിയും നേരിട്ടും ചെന്നൈയിലെത്തുന്ന ലഹരിമരുന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതി.

Latest News