ഇന്ത്യയുടെ ചരിത്രം തിരുത്താന്‍  മോഡി രഹസ്യ സമിതിയെ നിയമിച്ചു

ന്യൂദല്‍ഹി- ഇന്ത്യയുടെ പുരാതന ചരിത്രം തിരുത്തി ഹിന്ദുത്വ അനുകൂലമാക്കാന്‍ 14 അംഗ സമിതിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 മധ്യത്തോടെ രഹസ്യമായി നിയമിച്ച ഈ സമിതി അംഗങ്ങള്‍ 2017-ല്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് എങ്ങനെ ചരിത്രം തിരുത്തി എഴുതാം എന്നതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി. ഇതു സംബന്ധിച്ച് വിവരം ആദ്യമായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്. പ്രസ്തുത യോഗത്തിന്റെ മിനുട്ട്സ് റോയിട്ടേഴ്സ് ലേഖകര്‍ കാണുകയും സമിതിയിലെ അംഗങ്ങളുമായി അഭിമുഖം നടത്തുകയും ചെയ്താണ് സമിതി രൂപീകരണത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുള്ളതായി വെളിച്ചത്തു കൊണ്ടു വന്നത്.

പുരാവസ്തു കണ്ടെത്തലുകള്‍, ഡിഎന്‍എ എന്നീ തെളിവുകള്‍ ഉപയോഗിച്ച് ഇന്നത്തെ ഹിന്ദുക്കള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ വസിച്ചിരുന്നവരുടെ പിന്‍ഗാമികളാണെന്ന് തിരുത്തി എഴുതുകയും ഹൈന്ദവ പുരാണങ്ങള്‍ മിത്തുകളല്ല വസ്തുതയാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് സമിതിയുടെ ലക്ഷ്യം. ഇക്കാര്യം സമിതി അംഗങ്ങളുടെ പ്രതികരണങ്ങളില്‍നിന്ന്  വ്യക്തമാണ്. പുരാതന ചരിത്രത്തിലെ ചില കാര്യങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്-  രഹസ്യ സമിതി അധ്യക്ഷന്‍ കെ.എന്‍ ദീക്ഷിത് റോയിട്ടേഴ്സിനോട് പറയുന്നു. 

ഈ സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയ സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയുടെ പ്രതികരണവും ആശങ്ക ഉറപ്പിക്കുന്നതാണ്. ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതാനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണ് ഈ സമിതിയുടെ പ്രവര്‍ത്തനങ്ങളെന്നാണ് മന്ത്രി ശര്‍മ പറഞ്ഞത്. 

സമിതിയുടെ കണ്ടെത്തലുകള്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളിലും സര്‍വകലാശാലകളിലെ അക്കാദമിക് ഗവേഷണങ്ങളിലും ഉള്‍പ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും മന്ത്രി പറയുന്നു. 12,000 വര്‍ഷം മുമ്പുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ചും ലോക സംസ്‌കാരങ്ങളുമായുള്ള അതിന്റെ ബന്ധവും സംബന്ധിച്ചുമുളള വിശാല പഠനം എന്നാണ് സമിതിയുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്. 

ഇന്ത്യയില്‍  മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ രഹസ്യ നീക്കം വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. 2014-ല്‍ മോഡി അധികാരത്തിലെത്തിയതിനു ശേഷം മുസ്ലിംകള്‍ക്കെതിരായ വര്‍ഗീയ സംഘര്‍ഷങ്ങളും വിവേചനവും കൂടുതല്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ഇതൊരു ഭീഷണിയാണ്.

രഹസ്യ സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അറിയാന്‍ ആര്‍.എസ്.എസ് നേതാക്കളടക്കമുള്ള നിരവധി പേരെ റോയിട്ടേഴ്സ് ലേഖകര്‍ നേരിട്ടു കണ്ടിട്ടുണ്ട്. എല്ലാവരുടേയും പ്രതികരണം ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യയുടെ ചരിത്രത്തിന്റെ യഥാര്‍ത്ഥ നിറം കാവിയാണ്. സാംസ്‌കാരികമായി മാറ്റം കൊണ്ടുവരണമെങ്കില്‍ ചരിത്രം തിരുത്തി എഴുതേണ്ടതുണ്ട്- ആര്‍.എസ്.എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറയുന്നു. 

ആര്‍.എസ്.എസിന്റെ ചരിത്ര ഗവേഷണ വിഭാഗം തലവന്‍ ബാല്‍മുകുന്ദ് പാണ്ഡെ ഇതു സംബന്ധിച്ച് താന്‍ സാംസ്‌കാരിക മന്ത്രിയെ നിരന്തരം കാണാറുണ്ടെന്നും പറഞ്ഞു. ഇന്ത്യയുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനും പുരാതന ഹിന്ദു കൃതികള്‍ സത്യമാണെന്ന് തെളിയിക്കാനും പറ്റിയ അവസരമിതാണെന്നും അദ്ദേഹം പറയുന്നു.

Latest News