തൃശൂര്‍ - യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കി. യോഗിയുടെ പ്രസ്താവന പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതും കേരളത്തെ അപമാനിക്കുന്നതാണെന്നും മുഹമ്മദ് ഹാഷിം ചൂണ്ടിക്കാട്ടി.
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വരുത്തുന്നതിനും സൗഹാര്‍ദം തകര്‍ക്കണമെന്ന മുന്‍വിധിയോടു കൂടി ദുരുദേശ്യത്തോടെയാണെന്നും കേരളത്തെ അപമാനിക്കുന്നതാണെന്നും തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കേരളത്തെയും കേരളത്തിന്റെ അഭിവൃദ്ധിയെയും കാലങ്ങളായുള്ള പ്രവര്‍ത്തന മികവുകളെയും മതേതര സൗഹാര്‍ദത്തെയും മോശമായി ചിത്രീകരിച്ച് കേരളത്തിലെ ജനങ്ങളോട് മറ്റുള്ളവര്‍ക്ക് അവമതിപ്പും ശത്രുതയുമുണ്ടാക്കി അപമാനിതമാക്കുന്നതാണ് പ്രവൃത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നാണ് പരാതി. സമൂമഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനും ശ്രമിക്കുന്ന യോഗിയുടെ നീക്കങ്ങളില്‍ നടപടി വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഹാഷിം ആവശ്യപ്പെട്ടു.






