പഴയ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങിയതോടെ ജിദ്ദയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

ജിദ്ദ- ചേരിവികസന പദ്ധതി ആരംഭിക്കുകയും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ജിദ്ദയില്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞതായി ജിദ്ദ മേയര്‍ സ്വാലിഹ് അല്‍ തുര്‍ക്കി.  നേരത്തെ യാതൊരുവിധ ഭയവുമില്ലാതെ കുറ്റവാളി സംഘങ്ങള്‍ ചേരിപ്രദേശങ്ങളില്‍ കഴിയുകയായിരുന്നു. ഇക്കൂട്ടത്തില്‍ ചിലര്‍ ഇപ്പോള്‍ ജിദ്ദ വിട്ടിട്ടുണ്ട്. ജിദ്ദയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമായി ബന്ധപ്പെട്ട കണക്കുകള്‍ പോലീസിന്റെ പക്കലുണ്ട്.

ചേരിവികസന പദ്ധതി എത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും മുമ്പത്തെ സ്ഥിതിഗതികളുമായി ഇതിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഭാവിയില്‍ പ്രദേശത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചമായിരിക്കും. ചേരിപ്രദേശങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ കൂടുതല്‍ മികച്ച നിലയില്‍ നഗരാസൂത്രണത്തിന് സാധിക്കും. വികസന പദ്ധതി പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് പൊളിക്കല്‍ ജോലികളുമായി മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്.

ചേരിവികസന പദ്ധതിയുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിക്കുന്ന സന്ദേശങ്ങള്‍ വിദേശങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. വികസന പദ്ധതികളില്‍ സൗദി പൗരന്മാര്‍ സന്തുഷ്ടരാണ്. ജിദ്ദയെ ആഗോള നഗരമായി പരിവര്‍ത്തിപ്പിക്കാനാണ് വികസന പദ്ധതിയിലൂടെ ശ്രമിക്കുന്നത്. മധ്യജിദ്ദയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി ഖസ്ര്‍ അല്‍ഖുസാം ഏരിയ പരിവര്‍ത്തിപ്പിക്കാന്‍ പഠനങ്ങള്‍ നടത്തിവരികയാണെന്നും മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി പറഞ്ഞു.

 

Latest News