കോവിഡ് ബാധിച്ച് കേരളത്തിൽ എത്ര പേര് ചത്തു-കെ. സുരേന്ദ്രൻ

കോട്ടയം- കോവിഡ് നേരിടുന്നതിൽ ഏറ്റവും ദയനീയമായി പരാജയപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും എത്ര പേര് ചത്തുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോട്ടയത്ത് പത്രസമ്മേളനത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
യു.പിയെ അധിക്ഷേപിക്കുന്നതിന് പകരം, കേരളത്തെ നന്നാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കേരളത്തിന്റെ പരാജയം പറയാൻ പാടില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു. യു.പിയിൽ ഗംഗയിലൂടെ ശവം ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും ഒന്നും പറഞ്ഞില്ലല്ലോ. കഫീൽ ഖാൻ എന്ന രാജ്യദ്രോഹിയെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുൻമുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്ലാമിക് സ്റ്റേറ്റാകാൻ പോവുകയാണെന്ന് പറഞ്ഞതും  അച്യുതാനന്ദനാണ്. 
വർഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോൾ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോൾ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാർലമെന്റിൽ കോൺഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമർശം ചർച്ചയാക്കണമെന്ന് പറയുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
 

Latest News