തിരുവനന്തപുരം- നഗരത്തിലെ അലങ്കാച്ചെടി വിൽക്കുന്ന കടയിൽ യുവതി പട്ടാപ്പകൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. അമ്പലംമുക്ക് കുറുവൻകോണം റോഡിലെ ടാബ്‌സ് ഗ്രീൻടെക് കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് വാണ്ട പറമ്പള്ളിക്കോണം കുന്നുംപുറത്ത് വീട്ടിൽ വിനീത വിജയനെ(38)യാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. തമിഴ്‌നാട്ടിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പേരൂർക്കടയിൽ ചായക്കടയിൽ തൊഴിലാളിയായിരുന്നു ഇയാൾ. കൊലപാതകത്തിനിടെ ഇയാൾക്ക് പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിൽനിന്ന് ചികിത്സ തേടിയ ശേഷമാണ് ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയത്. മോഷണത്തിന് വേണ്ടിയായിരുന്നു കൊല. മോഷ്ടിച്ച സ്വർണം കണ്ടെത്തിയിട്ടില്ല. ഇവിടെയുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓട്ടോ ഡ്രൈവറാണ് ഇയാളെ പറ്റിയുള്ള വിവരങ്ങൾ പോലീസിന് കൈമാറിയത്.






