മകളുടെ ചിത്രം വെച്ച് ഫെയ്‌സ്ബുക്കിലൂടെ തട്ടിപ്പ്, ദമ്പതികള്‍ പിടിയില്‍

തിരുവനന്തപുരം- മകളുടെ പടം വെച്ച് അര്‍ബുദ രോഗിയും അനാഥയുമാണന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ  ദമ്പതികള്‍ പിടിയില്‍. വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട്ട് റാഷിദ, ഭര്‍ത്താവ് ബൈജു നസീര്‍ എന്നിവരെ അരീക്കോട് പോലീസാണ്  പിടികൂടിയത്. 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന അരീക്കോട് സ്വദേശിയുടെ പരാതിയില്‍ ആണ് പോലീസ് നടപടി.

പോലീസ് പറയുന്നത് ഇങ്ങനെ. ഒരു വര്‍ഷത്തോളമായി തട്ടിപ്പ് തുടങ്ങിയിട്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് തുടക്കം. അനാഥയാണെന്നും ക്യാന്‍സര്‍ രോഗിയാണെന്നും പറഞ്ഞു. സഹതാപം തോന്നിയാണ് അരീക്കോട് സ്വദേശി പെണ്‍കുട്ടിയുമായി അടുക്കുന്നത്. തന്റെ മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കില്‍ തുടങ്ങിയ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് റഷീദ തന്നെ ആയിരുന്നു. ക്യാന്‍സര്‍ ബാധിതയാണെന്നും ഉപ്പ ഉപേക്ഷിച്ച് പോയി എന്നും ഉമ്മ മരിച്ച് പോയെന്നും താന്‍ എറണാകുളത്ത് അനാഥാലയത്തിലാണ് താമസമെന്നുമാണ്  യുവാവിനെ വിശ്വസിപ്പിച്ചത്.

വാക്കുകള്‍ കേട്ട് അനുകമ്പ തോന്നിയ യുവാവ് ചികിത്സാ സഹായത്തിന് വേണ്ടി പണം കൈമാറി. ഇടക്ക് യുവതിയെ പറ്റി അന്വേഷിക്കാന്‍ അനാഥാലയത്തില്‍ പോവുകയും ചെയ്തു. യുവാവ് പറയുന്ന പോലെ ആരും അവിടെയില്ലെന്നായിരുന്നു അവിടെ ഉള്ളവരുടെ മറുപടി. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ റഷീദ അതും വിശ്വസനീയമായി പറഞ്ഞു ഫലിപ്പിച്ചു. അന്തേവാസികളുടെ സ്വകാര്യത പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണെന്നും ഇപ്പോള്‍ അവിടെ അല്ലെന്നും മറ്റും റഷീദ വിശദീകരിച്ചു.  അതെല്ലാം ശരിയെന്ന് കരുതിയ യുവാവ് വീണ്ടും ചികിത്സക്കും മറ്റുമായി പണം നല്‍കി. 11 ലക്ഷം രൂപ വരെ ഇവര്‍ അത്തരത്തില്‍ തട്ടിയെടുത്തു. പലരില്‍ നിന്നും കടം വാങ്ങിയാണ് യുവാവ് ഇവര്‍ക്ക് പണം നല്‍കിയതത്രെ.

ഇത്രയും പണം നല്‍കിയിട്ടും വീണ്ടും വീണ്ടും ഇവര്‍ പണം ചോദിച്ചപ്പോഴാണ് സംശയമുണ്ടായത്.  അക്കൗണ്ട് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. പലരെയും ഇതേ നിലയില്‍ പറ്റിച്ചതായും ആര്‍ഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചതന്നും അരീക്കോട് പോലീസ്  ഇന്‍സ്‌പെക്ടര്‍ എന്‍ വി. ലൈജുമോന്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി.

 

Latest News