Sorry, you need to enable JavaScript to visit this website.

ടെസ്‌ലക്ക് സ്വാഗതം, ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കട്ടെ- നിതിന്‍ ഗഡ്കരി

ന്യൂദല്‍ഹി- ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക്  സ്വാഗതം ചെയ്യുന്നതായി ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ വാഹനങ്ങള്‍ ചൈനയില്‍ നിര്‍മ്മിക്കുന്നതും ഇന്ത്യയില്‍ വില്‍ക്കുന്നതും 'ഉള്‍ക്കൊള്ളാനാകില്ലെന്ന്' മന്ത്രി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യ ഒരു വലിയ വിപണിയായതിനാല്‍ ഇവിടെ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ലയുടെ ഇന്ത്യന്‍ മേധാവിയുമായി ചര്‍ച്ച നടത്തിയതായും ഗഡ്കരി വെളിപ്പെടുത്തി.

ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നേരിടുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് പോസ്റ്റ് ചെയ്ത ട്വീറ്റ്  കോളിളക്കം സൃഷ്ടിച്ചിരുന്നു. പല സംസ്ഥാനങ്ങളും മസ്‌ക്കിനെ പരസ്യമായി വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ക്ഷണിച്ചു. 'ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, ഇന്ത്യന്‍ വാഹന വിപണി ഒരു വലിയ വിപണിയാണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വിറ്റുവരവ് 7.5 ലക്ഷം കോടി രൂപയാണ്. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ പ്രശസ്ത ബ്രാന്‍ഡുകളും ഇന്ത്യയില്‍ ഉണ്ട്. ബിഎംഡബ്ല്യൂ, മേഴ്‌സിഡെസ്, ഹ്യൂണ്ടായ്, ടൊയോട്ട, വോള്‍വോ, ഹോണ്ട തുടങ്ങിയ വന്‍കിട കമ്പനികളെല്ലാം ഇന്ത്യയില്‍ വില്‍പ്പന നടത്തുണ്ട്.

എന്നാല്‍ ടെസ്ല കാറുകള്‍ ചൈനയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ വില്‍ക്കാനാണ് എലോണ്‍ മസ്‌കിന് താല്‍പര്യമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഇവിടെ സ്വന്തമായി പ്ലാന്റ് തുടങ്ങാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുബന്ധ സാമഗ്രികളും ഇവിടെ ലഭ്യമാണ്, നിങ്ങള്‍ക്ക് ഇവിടെ കാര്യക്ഷമമായി തന്നെ ഉല്‍പ്പാദനം നടത്താം. കൂടാതെ നിങ്ങള്‍ക്ക് ഇവിടെ മികച്ച വില്‍പ്പനയും ഉറപ്പാക്കാം.
ടെസ്ലയുടെ ഇന്ത്യാ മേധാവിയുമായി താന്‍ ആശയവിനിമയം നടത്തിയെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി.

 

Latest News