പിതാവിനെ മകനും സംഘവും മര്‍ദിച്ചതായി പരാതി

മാനന്തവാടി-കുടുംബപ്രശ്‌നത്തിന്റെ പേരില്‍ പിതാവിനെ മകനും സംഘവും മര്‍ദിച്ചതായി പരാതി.  ഓട്ടോ ഡ്രൈവര്‍ തിരുനെല്ലി അനന്തോത്ത് മണിപിഴിഞ്ഞിയില്‍ പൗലോസിനാണ് മര്‍ദനമേറ്റത്.
യുവതിയെ ഉപയോഗിച്ചു പൗലോസിന്റെ ഓട്ടോ ട്രിപ്പ് വിളിച്ചു ബത്തേരിയില്‍ എത്തിക്കുകയും മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന മകനും സംഘവും കണ്ണില്‍ മുളകുപൊടി വിതറി മര്‍ദിക്കുകയുമായിരുന്നു. ഈ മാസം ആറിനാണ് സംഭവം. രാത്രി ഒമ്പതിനാണ്  കാട്ടിക്കുളത്തുനിന്നു യുവതി പൗലോസിന്റെ ഓട്ടോ ട്രിപ്പുവിളിച്ചത്. ബത്തേരി വിനായക ആശുപത്രിയില്‍ നഴ്‌സാണെന്നും അത്യാവശ്യമായി ജോലിയില്‍ കയറണെന്നുമാണ് യുവതി പൗലോസിനോടു പറഞ്ഞത്.
ബത്തേരിയിലെത്തിയപ്പോള്‍ കൂട്ടുകാരി ബീനാച്ചിയില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അവിടേക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഓട്ടോ ബീനാച്ചിയില്‍ എത്തിയപ്പോഴായിരുന്നു പൗലോസിനു ദുരനുഭവം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം സ്ഥലംവിട്ടു. പോലീസ് എത്തിയാണ് പൗലോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൗലോസിന്റെ പരാതിയില്‍ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടുംബപ്രശ്‌നം ഉണ്ടായിരുന്നുവെന്നും മകന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്നും പൗലോസിന്റെ പരാതിയില്‍ പറയുന്നു.

 

Latest News