റിയാദ് - സീറ്റ്‌ബെൽറ്റ് ധരിക്കാത്തവരെയും ഡ്രൈവിംഗിനിടെ കൈ ഉപയോഗിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്തി പിഴ ചുമത്തുന്ന ഓട്ടോമാറ്റിക് സംവിധാനം രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഈ വർഷം നടപ്പാക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പബ്ലിക് റിലേഷൻസ് മേധാവി കേണൽ സാമി അൽശുവൈരിഖ് അറിയിച്ചു.
റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിൽ തിങ്കളാഴ്ച പുതിയ സംവിധാനം നിലവിൽവന്നു. സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനുള്ള നിയമ ലംഘനം മുൻവശത്തെ സീറ്റുകളിൽ ഇരിക്കുന്ന മുഴുവൻ യാത്രക്കാർക്കും ബാധകമാണ്. യാത്രക്കാർ സീറ്റ്‌ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ വാഹന ഉടമകളുടെയോ വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ചുമതലപ്പെടുത്തിയ വ്യക്തികളുടെയോ പേരിലാണ് നിയമ ലംഘനം രേഖപ്പെടുത്തുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിംഗിനിടെ പുകവലിക്കുന്നതും ഭക്ഷണ, പാനീയങ്ങൾ കഴിക്കുന്നതും നിയമ ലംഘനങ്ങളാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 150 റിയാൽ വരെയാണ് പിഴ ലഭിക്കുക.






