മോഡിയെ പേടിയില്ല, ചിരിയാണ് വരുന്നതെന്ന് രാഹുല്‍ ഗാന്ധി

ഹരിദ്വാര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാര്‍ലമെന്റിലെ പ്രസംഗവും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖവും കണ്ടിട്ട് ചിരിയാണ് വരുന്നതെന്ന് രാഹുല്‍ ഗാന്ധിയുടെ കൊട്ട്. 'അദ്ദേഹം സമയം മുഴുവന്‍ കോണ്‍ഗ്രസിനുമേല്‍ ചെലവിടുകയാണ്. ഞാന്‍ നരേന്ദ്ര മോഡിയെ പേടിക്കുന്നില്ല. അദ്ദേഹത്തിന്റെ അഹങ്കാരം എന്നെ ചിരിപ്പിക്കുകയാണ് ചെയ്യുന്നത്,' ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കുറിച്ചു പറയാനാണ് പാര്‍ലമന്റില്‍ തന്റെ പ്രസംഗത്തിന്റെ മുഴുവന്‍ സമയവും മോഡി ചെലവിട്ടത്. എന്നാല്‍ ചൈനയെ കുറിച്ചുള്ള തന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു. 

'രാഹുല്‍ കേള്‍ക്കുന്നില്ല എന്നാണ് ഇതേ ദിവസം വൈകുന്നേരം അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനര്‍ത്ഥം എന്താണെന്ന് അറിയുമോ? ഇഡിയുടേയും സിബിഐയുടേയും സമ്മര്‍ദ്ദം രാഹുലിനു മേല്‍ ഏശുന്നില്ല എന്നാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 'നോട്ട് നിരോധനത്തിലൂടേയും പാളിയ ജിഎസ്ടിയിലൂടേയും ഇന്ത്യയുടെ ചെറുകിട വ്യാപാരികളേയും ഇടത്തരം ബിസിനസ് സംരഭങ്ങളേയും നരേന്ദ്ര മോഡി തകര്‍ത്തു. ഞാനെന്തിന് അദ്ദേഹത്തെ കേള്‍ക്കണം '- രാഹുല്‍ ചോദിച്ചു.

Latest News