ഒരു കള്ളനുശേഷം മറ്റൊരു കള്ളന്‍; ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയതിനെ കുറിച്ച് രാഹുല്‍

ഹരിദ്വാര്‍-ഒരു കള്ളനു ശേഷം മറ്റൊരു കള്ളനെന്ന നിലയിലാണ് ഉത്തരാഖണ്ഡില്‍ കാവി പാര്‍ട്ടിയായ ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരും അഴിമിക്കാരായതിനാലാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഹരിദ്വാറിലെ മംഗലൂരില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ സമയം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പാഴാക്കുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും സമ്മര്‍ദം ചെലുത്തിയിട്ടും താന്‍ പിന്‍വാങ്ങാത്തതിനാലാണ് മോഡി ഈയിടെ നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഒന്നും കേള്‍ക്കുന്നില്ലെന്ന് പറഞ്ഞത്. താന്‍ എന്തിന് മോഡിയെ കേള്‍ക്കണമെന്ന് രാഹുല്‍ ചോദിച്ചു.
എ.എന്‍.ഐക്ക് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് മോഡി ആരോപിച്ചിരുന്നത്.

 

Latest News