ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ചതിക്കുഴികൾ ഒഴിവാക്കാം

സോഷ്യൽ മീഡിയ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതായിരിക്കേ സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള വഴികൾ കണ്ടെത്തുകയാണ് പ്രധാനം. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആർക്കും അവഗണിക്കാൻ പറ്റാതായിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വേണ്ടെന്ന് തീരുമാനമെടുക്കുന്നവർ പോലും ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാൽ വീണ്ടും ഉപയോഗിച്ചു തുടങ്ങുന്നു. സമൂഹ മാധ്യമങ്ങളുടെ ഉപയോഗം സാർവത്രികമായതിനാൽ തന്നെ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നതും സൈബർ തട്ടിപ്പുകളിൽനിന്നും ഭീഷണികളിൽനിന്നും എങ്ങനെ രക്ഷപ്പെടാമെന്നതുമാണ് പ്രധാനം. ഫെബ്രുവരി എട്ട് സുരക്ഷിത ഇന്റർനെറ്റ് ദിനമായിരുന്നു. ഇന്റർനെറ്റ് സുരക്ഷിതമാക്കാനുള്ള പ്രോത്സാഹനങ്ങളും പ്രചാരണങ്ങളുമായിരുന്നു ദിനത്തിന്റെ പ്രത്യേകത. സൈബർ ആക്രമണങ്ങളും മാൽവെയർ ആക്രമണങ്ങളും ഓൺലൈൻ തട്ടിപ്പുകളും കൂടിക്കൊണ്ടിരിക്കേ ഇന്റർനെറ്റിൽ സ്വകാര്യതയും വിലയും ദിനാചരണം ഓർമിപ്പിക്കുന്നു. 
മിക്ക സോഷ്യൽ മീഡിയ കമ്പനികളും എങ്ങനെ സുരക്ഷിതമായി തങ്ങളുടെ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കാമെന്ന് ഉപയോക്താക്കളെ ഉണർത്താറുണ്ട്.

സുരക്ഷിത ഉപയോഗം ഉറപ്പു വരുത്താൻ ഇൻസ്റ്റഗ്രാമിൽ ഇൻസ്റ്റഗ്രാം ലിമിറ്റ്‌സ് എന്നൊരു ഫീച്ചറുണ്ട്. നിങ്ങളെ ഫോളോ ചെയ്യാത്തവരുടെ കമന്റുകളും ഡയരക്ട് മെസേജ് അഭ്യർഥനകളും മറച്ചുവെക്കുന്നതാണ് ഇത്. അടുത്ത കാലത്തായി ഫോളോ ചെയ്തു തുടങ്ങിയവരെയും നേരിട്ടുള്ള ചാറ്റിൽനിന്ന് തടയും. ദീർഘകാലമായി ഫോളോവേഴ്‌സായുള്ളവരിൽനിന്ന് കൂടുതൽ മെസേജുകൾ ലഭിക്കാൻ സൗകര്യം ഏർപ്പെടുത്തുമ്പോൾ തന്നെ ഏതോ ലക്ഷ്യത്തിനായി നിങ്ങളുടെ അക്കൗണ്ട് തേടിവരുന്നവരെ പിടിച്ചുകെട്ടാനും ലിമിറ്റ്‌സ് സഹായിക്കുന്നു. പ്രൈവസി സെറ്റിംഗ്‌സിൽ പോയാൽ ഉപോയക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ഇൻസ്റ്റഗ്രാമിലെ മറ്റൊരു ഫീച്ചറായ ടേക് എ ബ്രേക്കും ഫലപ്രദമായ ഒന്നാണ്. എത്ര സമയം ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കണമെന്ന ബുദ്ധിപൂർവകമായ തീരുമാനമെടുക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. നിശ്ചിത സമയം വെച്ച് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽിന്ന് വിട്ടുനിൽക്കാൻ കഴിയും. പിന്നീട് കൂടുതൽ സമയം ഇടവേളയെടുക്കുന്നതിന് സെറ്റ് ചെയ്തു വെക്കാനും സാധിക്കും. ഇതിനായി വിദഗ്ധരുടെ ടിപ്പുകളും ഇൻസ്റ്റഗ്രാം ലഭ്യമാക്കുന്നുണ്ട്. കൗമാരക്കാരെ ഈ ഫീച്ചറിനെ കുറിച്ച് ഉണർത്താൻ ഇൻസ്റ്റഗ്രാം റിമൈൻഡർ നോട്ടിഫിക്കേഷൻ അയക്കുകയും ചെയ്യുന്നു.
അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ സ്വയമേവ മാറ്റുന്ന ഫിൽറ്ററുകൾ ഇൻസ്റ്റഗ്രാമിലുണ്ട്. കൺട്രോൾ കമന്റ്‌സിൽ ഉപയോക്താക്കൾക്ക് ഒഴിവാക്കേണ്ട വാക്കുകളുടെയും ഇമോജികളുടെയും പട്ടിക ഉണ്ടാക്കുകയും ചെയ്യാം. കമന്റ് കൺട്രോൾ സെക്ഷനിൽ പോയാൽ ഫിൽറ്റേഴസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. പോസ്റ്റുകൾക്ക് ആരൊക്കെ കമന്റ് ചെയ്യണം, ആരെയൊക്കെ ബ്ലോക്ക് ചെയ്യണമെന്നും ഉപയോക്താവിന് തീരുമാനിക്കാം. 
ഇൻസ്റ്റഗ്രാമിൽ അടുത്തിടെ ആരംഭിച്ച മറ്റൊരു പ്രയോജനപ്രദമായ ഫീച്ചറാണ് ഹിഡൻ വേഡ്‌സ്. നിലവാരം കുറഞ്ഞതും ശല്യം ചെയ്യുന്നതുമായ ഡയരക്ട് മെസേജുകൾ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. സഭ്യതക്ക് നിരക്കാത്ത വാചകങ്ങളും ഇമോജികളും ഹിഡൻ ഫോൾഡറിലേക്ക് മാറ്റാം.
വൈകാരികമായി ബാധിക്കുന്ന ചില പോസ്റ്റുകളുടെ കാഴ്ച തടയുന്നതിനുള്ള സെൻസിറ്റീവ് കൺട്രോളും ഇൻസ്റ്റഗ്രാമിലുണ്ട്. സെൻസിറ്റീവ് ഉള്ളടക്കങ്ങൾ അടയാളപ്പെടുത്തുന്നതിനുള്ള ഫീച്ചർ വിദ്വേഷ പോസ്റ്റുകളും ഹാനികരമാകുന്ന മെസേജുകളും ഭീഷണികളും കുറക്കാനാണ് ആരംഭിച്ചത്.
ആശയവിനിമയത്തിന് താൽപര്യമില്ലാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും  കഴിയും. ഉപയോക്താക്കളുടെ പോസ്റ്റുകൾ കാണുന്നതും കമന്റ് ചെയ്യുന്നതും ഒഴിവാക്കനാണ് ബ്ലോക്ക് ഫീച്ചർ. സ്റ്റോറികളും റീലുകളും ലൈവ് സംപ്രേഷണങ്ങളും ബ്ലോക്ക് ചെയ്ത കോൺടാക്ടുകൾക്ക് ലഭ്യമാകില്ല. ആരെയാണ്, എപ്പോഴാണ് ബ്ലോക്ക് ചെയ്തതെന്ന് ഉപയോക്താക്കളെ അറിയിക്കുകയുമില്ല. 
ഉപയോക്താക്കളുടെ ഡാറ്റകൾ യുട്യൂബ് ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ യുട്യൂബിലുള്ള  ഡാറ്റകൾ നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് സൗകര്യമുണ്ട്. യുട്യൂബ് സെർച്ചും ഹിസ്റ്ററിയും എളുപ്പം ബ്രൗസ് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയുമാവാം. ഹിസ്റ്ററിയിൽനിന്ന് ഏതെങ്കിലും വീഡിയോ നീക്കിയാൽ പിന്നീട് അതുവെച്ചുള്ള റെക്കമൻഡേഷനുകൾ ലഭിക്കില്ല. പിന്നീട് സെർച്ച് ബാറിൽ ഹിസ്റ്ററി സജഷൻ വരികയുമില്ല.  യുട്യൂബ് എങ്ങനെയൊക്കെയാണ് ഡാറ്റകൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതെന്ന് ഉപയോക്താക്കൾക്ക് മനസ്സിലാക്കാനും സംവിധാനമുണ്ട്. കുട്ടികൾക്കും കൗമാരക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാണ്. ഏതു തരത്തിലുള്ള യുട്യൂബാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാം. ചെറിയ കുട്ടികളുടെ രക്ഷിതാക്കളാണെങ്കിൽ യുട്യൂബ് കിഡ്‌സ് മുതൽ തുടങ്ങാം. കുട്ടികൾക്ക് സുരക്ഷിതമായ യുട്യൂബ് അനുഭവം സമ്മാനിക്കാനുള്ളതാണ് കിഡ്‌സ്. നിയന്ത്രണം മാതാപിതാക്കളിൽ നിലനിർത്തിക്കൊണ്ടു തന്നെ കുട്ടികളുടെ താൽപര്യങ്ങൾക്കനുസൃതമായ ഉള്ളടക്കങ്ങൾ ലഭ്യമാക്കാം. 
കൂടുതൽ സ്വകാര്യമായി യുട്യൂബ് ഉപയോഗിക്കണമെങ്കിൽ ഇൻകോഗ്നിറ്റോ മോഡ് ലഭ്യമാണ്. ക്രോം ബ്രൗസറിലും മൊബൈൽ ആപ്പിലും ഇത് ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അക്കൗണ്ടുകൾ വഴിയുള്ള സെർച്ചുകളോ വാച്ച് ഹിസ്റ്ററിയോ രേഖപ്പെടുത്തുകയില്ല. 

Latest News