ന്യൂദല്‍ഹി- ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ഥിനികളെ തടഞ്ഞ വിഷയത്തില്‍ ഇന്ത്യയെ ഔദ്യോഗികമായി ഉല്‍ക്കണ്ഠ അറിയിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയുടെ ഷാരെ ദഫാരെയെ വിളിച്ചുവരുത്തിയാണ് പാക് വിദേശ മന്ത്രാലയം ഇന്ത്യയില്‍ തുടരുന്ന അസഹിഷ്ണുതയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തുന്ന തടഞ്ഞതാണ് പശ്ചാത്തലം.
മതപരമായ അസഹിഷ്ണുതയും മുസ്ലിംകളോടുള്ള വിവേചനവും തുടരുന്നതില്‍ പാക്കിസ്ഥാനുള്ള അതിയായ ഉല്‍ക്കണ്ഠ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ അറിയിച്ചതായി പാക് വിദേശ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
കര്‍ണാടകയില്‍ സ്ത്രീകള്‍ക്കതിരെ തുടരുന്ന പീഡനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപടി സ്വകീരിക്കണമെന്നും മുസ്ലിം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസത്തില്‍നിന്ന് തടയതുന്നത് തികഞ്ഞ മൗലികാവകാശ ലംഘനമാണെന്ന് പാക് വിദേശമന്ത്രി ഷാ മഹ് മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.