മരിച്ചയാള്‍ക്ക് മോര്‍ച്ചറിയില്‍ പുനര്‍ജന്മം!

ചിന്ദ്വാര-   മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ബൈക്കപടകത്തില്‍ പരിക്കേറ്റ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവ് ഏവരേയും അമ്പരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി.
അപകടത്തില്‍ പരിക്കേറ്റ് ഭരദ്വാജിനെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നതെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മസ്തിഷക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധി എഴുതി. ഇതോടെ ഇദ്ദേഹത്തെ ചിന്ദ്വാര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇവിടേക്ക് കൊണ്ടു വരുമ്പോള്‍ ഭരദ്വാജിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ശ്വാസം നിലച്ചിരുന്നെന്നും കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നു.
ചിന്ദ്വാര ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം  മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഭരദ്വാജ് ശ്വാസമുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വാര്‍ഡിലേക്കു മാറ്റി. ജീവന്‍ തിരിച്ചു ലഭിച്ച ഭരദ്വാജിനെ പിന്നീട് തുടര്‍ ചികിത്സയ്ക്കായി നാഗ്പൂരിലെ ആശുപത്രിയിലേക്കു തന്നെ തിരികെ കൊണ്ടു പോയി. അപകടനില തരണം ചെയ്ത ഭരദ്വാജ് ഇപ്പോള്‍ ഇവിടെ സുഖം പ്രാപിച്ചു വരികയാണ്.

 

Latest News