ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാകും
റിയാദ് - സൗദിയിൽ വിമാനത്താവളങ്ങളുടെ സമഗ്ര വികസന ദിശയിലെ സുപ്രധാന ചുവടുവെപ്പെന്നോണം ഇരുപത്തിയഞ്ചു വിമാനത്താവളങ്ങളുടെ സ്ഥാപനപരമായ പരിവർത്തനം (ഇൻസ്റ്റിറ്റിയൂഷനൽ ട്രാൻസ്ഫർമേഷൻ) പൂർത്തിയായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും മതാറാത്ത് ഹോൾഡിംഗ് കമ്പനിയും അറിയിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലെ മതാറാത്ത് കമ്പനി റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ജിദ്ദ എയർപോർട്‌സ് കമ്പനിക്കും സെക്കന്റ് എയർപോർട്ട് ക്ലസ്റ്റർ കമ്പനിക്കും തുടക്കമായി. ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറും രാജകുമാരന്മാരും മന്ത്രിമാരും സംബന്ധിച്ചു.
വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണ, ഓപ്പറേഷൻസ് തലങ്ങളെ വേർതിരിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലയെ ഏൽപിക്കുന്നത്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും ലോകത്തെ മുൻനിര വിമാനത്താവളങ്ങളായി സൗദി എയർപോർട്ടുകൾ പരിവർത്തിപ്പിക്കാനും മികച്ച നിക്ഷേപാവസരങ്ങൾ ലഭ്യമാക്കാനും ഇതുവഴി സാധ്യമാകും. രാജ്യത്തെ വിമാനത്താവളങ്ങൾ നവീകരിക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ എയർപോർട്ടുകളുടെ പങ്ക് വർധിപ്പിക്കാനുമുള്ള ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ മേഖലയുടെയും പദ്ധതികളെ പിന്തുണക്കുന്ന സുപ്രധാന ചുവടുവെപ്പാണ് വിമാനത്താവളങ്ങളുടെ സ്ഥാപനപരമായ പരിവർത്തനമെന്ന് എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രം ഈ മേഖലയുടെ പ്രയാണത്തിലെ വലിയ കുതിച്ചുചാട്ടമാണ്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് സെന്ററായി സൗദി അറേബ്യയെ മാറ്റാനും വ്യോമഗതാഗത മേഖലയിൽ ലോകത്തെ അഞ്ചാം സ്ഥാനത്തും ലോജിസ്റ്റിക് സേവന മേഖലയിൽ ലോകത്തെ പത്താം സ്ഥാനത്തും രാജ്യത്തെ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.
ആധുനികവും നൂതനവുമായ രീതിയിൽ സൗദി വിമാനത്താവളങ്ങളുടെ പ്രവർത്തിപ്പിക്കലും നടത്തിപ്പും സാധ്യമാക്കാനും വിമാനത്താവളങ്ങളിലെ സേവന നിലവാരം ഉയർത്താനും വേണ്ടിയാണ് മതാറാത്ത് ഹോൾഡിംഗ് കമ്പനിയും ഇതിനു കീഴിലുള്ള കമ്പനികളും വഴി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രയത്‌നിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ജിദ്ദ എയർപോർട്ട്‌സ് കമ്പനിയും സെക്കന്റ് എയർപോർട്ട്‌സ് ക്ലസ്റ്റർ കമ്പനിയും ആരംഭിച്ചതെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഉപദേഷ്ടാവ് എൻജിനീയർ സുലൈമാൻ അൽബസ്സാം പറഞ്ഞു. സൗദി വിമാനത്താവളങ്ങളുടെ മത്സരക്ഷമതാ, ഉൽപാദനക്ഷമതാ നിരക്കുകൾ വർധിപ്പിക്കാനും സാമ്പത്തിക നേട്ടം മെച്ചപ്പെടുത്താനും പ്രവർത്തന കാര്യക്ഷമത ഉയർത്താനും, പ്രതിവർഷം 33 കോടി യാത്രക്കാരെ സ്വീകരിക്കാനും 45 ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യാനും സാധിക്കുംവിധം വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കാനും 250 ലോക നഗരങ്ങളുമായി ബന്ധിപ്പിച്ച് സർവീസുകൾ നടത്തി എയർ കണക്ടിവിറ്റിയിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്താനുമാണ് ലക്ഷ്യമിടുന്നതെന്നും എൻജിനീയർ സുലൈമാൻ അൽബസ്സാം പറഞ്ഞു.