കൊല്ലം - പതിനഞ്ചുകാരിയെ വീടിന് സമീപം തീ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഞ്ചാലുമ്മൂട് ചിറ്റയം മുണ്ടയ്ക്കല്‍ സണ്ണി ഭവനില്‍ ഹേമ-എഡിസണ്‍ ദമ്പതികളുടെ മകള്‍ ഹന്ന എഡിസണ്‍ ( 15 ) ആണ് മരിച്ചത്. വീടിന്റെ പിന്നിലായി മൃതദേഹം കാണപ്പെടുകയായിരുന്നു. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലെ വിഷമമാണ് മരണത്തിന് കാരണമെന്നാണ് പറയപ്പെടുന്നതെങ്കിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
മുണ്ടയ്ക്കല്‍ കോണ്‍വെന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ചൊവ്വാഴ്ച രാവിലെ മാതാവ് ഹേമയാണ് തീകൊളുത്തിയ നിലയില്‍ ഹന്നയെ കാണുന്നത്. ഉടന്‍ തന്നെ ബഹളം വച്ച് സമീപവാസികളെ കൂട്ടുകയായിരുന്നു. ഒടികൂടിയവര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മണ്ണെണ്ണ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്ത് നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും ഡോക് സ്‌ക്വഡും പരിശോധന നടത്തി.
കൊല്ലം എ.സി.പി ഡി വിജയകുമാര്‍, തഹസില്‍ദാര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തി, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുണ്ടയ്ക്കല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സംസ്‌കരിച്ചു. എഴാം ക്ലാസ് വിദ്യാര്‍ഥിനി ഹനനൃ സഹോദരിയാണ്.