സുധാകരന്‍ മുന്‍കൈയെടുത്തു, വിമതര്‍ മടങ്ങി; പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു

സി.എച്ച്.സീനത്ത്

കണ്ണൂര്‍ - വിമത കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തി. രാഷ്ട്രീയ കോളിളക്കത്തിന് വേദിയായ നടുവില്‍ ഗ്രാമപഞ്ചായത്ത് ഭരണമാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ സി.എച്ച്.സീനത്തിനെ തെരഞ്ഞെടുത്തു. പഞ്ചായത്ത്  പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.
യു.ഡി.എഫിന്റെ കുത്തക പഞ്ചായത്തായിരുന്ന നടുവിലില്‍ കോണ്‍ഗ്രസ് വിമതരായ മൂന്ന് അംഗങ്ങളുടെ പിന്‍തുണയോടെയാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയിരുന്നത്.  ബേബി ഓടം പള്ളില്‍ ആയിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്.

കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, തുടര്‍ന്ന് തല്‍സ്ഥാനങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം രാജി വെയ്ക്കുകയും ചെയ്തു. ഇതോടെ എല്‍.ഡി.എഫിന് അധികാരം നഷ്ടമായി. തുടര്‍ന്നാണ് വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചത്.
വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിട്ടു. ഏഴിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു വിജയം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബേബി ഓടംപള്ളി തന്നെയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

 

Latest News