Sorry, you need to enable JavaScript to visit this website.

എം.എം അക്ബറിന് ജാമ്യമില്ല; മറ്റൊരു കേസിൽ ഉൾപ്പെടുത്തി റിമാന്റ് ചെയ്തു

കൊച്ചി- മതസ്പർധ പരത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയത് മതപണ്ഡിതൻ എം.എം അക്ബറിന് ജാമ്യം നിഷേധിച്ചു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇപ്പോൾ ജാമ്യത്തിൽ വിടാനാകില്ലെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. തീവ്രവാദ സംഘടനകളുമായി അക്ബറിനു ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പോലീസിന്റെ നിലപാടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ ലഘുവായി കാണാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. രാജ്യാന്തര ബന്ധങ്ങളെ പറ്റി അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മനപൂർവ്വം തെറ്റ് ചെയ്തിട്ടില്ലെന്നും അക്ബർ പറഞ്ഞു. അതിനിടെ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ബർ ഹൈക്കോടതിയെ സമീപിച്ചു.

അതിനിടെ മറ്റൊരു കേസിൽ കൂടി അക്ബറിനെ ഉൾപ്പെടുത്തി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  കോടതിയാണ് പുതിയ കേസിൽ അക്ബറിനെ റിമാന്റ് ചെയ്തത്. 

കേസിൽ ആറാം പ്രതിയായ അക്ബറിനെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഒന്നാംപ്രതിയാക്കാനാണ് പോലീസ് നീക്കം. ഇതിനിടെയാണ് മറ്റൊരു കേസിൽ കൂടി അക്ബറിനെ ഉൾപ്പെടുത്തി റിമാന്റ് ചെയ്തത്. രണ്ടാഴ്ച്ച മുമ്പ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നു പിടിയിലായ അക്ബറിനെ ഇക്കഴിഞ്ഞ 26നാണ് അഞ്ചു ദിവസത്തേക്കു പോലീസ്  കസ്റ്റഡിയിൽ വാങ്ങിയത്. ദേശീയ കുറ്റാന്വേഷണ ഏജൻസിയും ഐബിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും അനൗദ്യോഗികമായി ചോദ്യം ചെയ്തിട്ടുണ്ട്. 

പീസ് സ്‌കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്‌കൂൾ സ്ഥാപകൻ എം.എം അക്ബറിനെതിരായ കേസ് കൈകാര്യം ചെയ്യുന്ന പോലീസുദ്യോഗസ്ഥരിൽ ചിലർ അദ്ദേഹത്തിനെതിരെ നീക്കം നടത്തുന്നതായി സംശയമുണ്ടെന്ന് അക്ബറുമായി അടുപ്പമുള്ളവർ ആരോപിച്ചിരുന്നു. പാഠ പുസ്തക കേസ് ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെടുത്താനാണ് പോലീസിന്റെ ശ്രമമെന്നാണ് അക്ബറിന്റെ സുഹൃത്തുക്കൾ പറയുന്നത്്. 
അദ്ദേഹത്തിനെതിരെ കോടതിയിൽ സർക്കാർ ഉന്നയിച്ച ചില വാദങ്ങൾ ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്ന് ഒ അബ്ദുല്ലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക ചരിത്രത്തിന്റെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് പീസ് സ്‌കൂൾ പാഠ പുസതകത്തിൽ തീവ്രവാദ ആശയങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞെന്നും അബ്ദുല്ല പറയുന്നു.

നേരത്തെ പീസ് സ്‌കൂൾ ജീവനക്കാരനും ഇപ്പോൾ ഐ.എസ് നേതാവ് എന്നു പറയപ്പെടുകയും ചെയ്യുന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുമായുള്ള അക്ബറിന്റെ ബന്ധത്തെ കുറിച്ച് അന്വേഷിക്കാൻ ചില സാക്ഷികളെ പോലീസ് വിളിച്ചു വരുത്തിയതായും പറയപ്പെടുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനു മുമ്പ് റാഷിദ് പീസ് സ്‌കൂളിൽ ഐ.എസ് അനുകൂലികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നതായും ആരോപണമുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വിവധ ഏജൻസികൾ അക്ബറിന് ഐ.എസുമായി ഒരു ബന്ധവുമില്ലെന്ന് നേരത്തെ സ്ഥീരീകരിച്ചിരുന്നു. റാഷിദിന്റെ നീക്കങ്ങളെ കുറിച്ച് അറിഞ്ഞ അക്ബർ അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
 

Latest News