ദമാം - ആറര ലക്ഷത്തിലേറെ റിയാൽ നിയമ വിരുദ്ധ മാർഗത്തിൽ വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച രണ്ടു ഇന്ത്യക്കാർ അടക്കം നാലു വിദേശികളെ ദമാമിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന രണ്ടു ബംഗ്ലാദേശുകാരും രണ്ടു ഇന്ത്യക്കാരുമാണ് അറസ്റ്റിലായത്. ഇവർ 6,66,300 റിയാലാണ് നിയമ വിരുദ്ധ മാർഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കാൻ ശ്രമിച്ചത്. ഇവർക്കു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരനും അറസ്റ്റിലായിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമ ലംഘകർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു.