മക്ക - സൗർ പർവതത്തിലെ അനധികൃത സ്റ്റാളുകൾ അടക്കമുള്ള നിയമ വിരുദ്ധ നിർമിതികൾ മക്ക നഗരസഭ പൊളിച്ചുനീക്കി. മക്ക നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗത്തിന്റെ പങ്കാളിത്തത്തോടെയും സുരക്ഷാ വകുപ്പുകളുടെ അകമ്പടിയോടെയുമാണ് കൈയേറ്റങ്ങൾ പൊളിച്ചുനീക്കിയത്. അസീസിയ ഡിസ്ട്രിക്ടിൽ നഗരസഭാ സംഘം നടത്തിയ പരിശോധനക്കിടെയാണ് സൗർ പർവതത്തിലെ അനധികൃത നിർമിതികളും കൈയേറ്റങ്ങളും കണ്ടെത്തിയത്.
ഇവിടെ നിയമ വിരുദ്ധ സ്റ്റാളുകൾ സ്ഥാപിക്കുകയും കല്ലുകൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ കെട്ടിടങ്ങൾ നിർമിക്കുകയുമായിരുന്നു. ഇവയെല്ലാം അധികൃതർ പൊളിച്ചുനീക്കി. ഇതിനിടെ ഉപയോഗശൂന്യമായ രണ്ടു ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. നിയമ ലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും അനധികൃത കൈയേറ്റങ്ങൾ പൊളിക്കാനും ഉന്നതാധികൃതരിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മക്ക നഗരസഭ പറഞ്ഞു.